ഹരിതമിത്രം 2.0 ആപ്ലിക്കേഷന് തുടക്കം; സ്വച്ഛ് സർവേക്ഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു

post

സാനിറ്ററി മാലിന്യം മുഴുവനായും സംസ്‌കരിക്കാനുള്ള ശേഷി സംസ്ഥാനം വേഗം കൈവരിക്കും: മന്ത്രി എം. ബി. രാജേഷ്

കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവ്വേ ആയ സ്വച്ഛ് സർവേക്ഷനിൽ മികച്ച നേട്ടം കൈവരിച്ച നഗരസഭകളെ അനുമോദിക്കലും 'ഹരിതമിത്രം ആപ്ലിക്കേഷൻ 2.0' ലോഞ്ച് കർമ്മവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു.

സംസ്ഥാനത്തെ സാനിറ്ററി മാലിന്യം മുഴുവൻ സംസ്‌കരിക്കാനുള്ള ശേഷി കൈവരിക്കാനാവശ്യമായ  പ്ലാന്റുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു . കൂടാതെ കേരളത്തിലുണ്ടാകുന്ന അജൈവ മാലിന്യങ്ങൾ മുഴുവൻ (പ്രതിദിനം 600 ടൺ) ആർ.ഡി.എഫ് ആക്കി മാറ്റാൻ ആവശ്യമായ പ്ലാന്റുകളും അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളിൽ സ്ഥാപിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

'ഹരിതമിത്രം 2.0' കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്റെയും ശുചിത്വത്തിന്റെയും രംഗത്ത്  വിപ്ലവകരമായ ഒരു ചുവടുവയ്പ്പായി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നു മന്ത്രി പറഞ്ഞു. ഒരു കോടിയിൽ അധികം ആളുകൾ ഹരിതകേരളം 2.0 യുടെ ഭാഗമായി മാറും. മാലിന്യ സംസ്‌കരണത്തെ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനും  മുന്നോട്ടു നയിക്കുന്നതിനും സഹായിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ചുവടുവയ്പ്പാണ് 'ഹരിതമിത്രം 2.0'. കെ-സ്മാർട്ട് ഉൾപ്പെടെ വികസിപ്പിച്ചു പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ഇൻഫർമേഷൻ കേരള മിഷന്  (ഐ.കെ.എം) ഹരിതമിത്രം 2.0 വികസിപ്പിച്ചതിനു മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

 ഹരിതമിത്രം 2.0 യുടെ പ്രത്യേകത ഓൺലൈനായും ഓഫ്‌ലൈനായും പ്രവർത്തിക്കുന്നു എന്നതാണ്. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഹരിതകർമ്മസേനക്ക് ഇതുപയോഗിക്കാൻ  കഴിയും. ഓൺലൈനായി യൂസർഫീ പേയ്‌മെന്റ് നടത്താനും ലൈവ് ട്രാക്കിംഗ് നടത്താനും കഴിയും. എപ്പോഴാണ്  ഹരിതകർമ്മസേനയിലെ അംഗങ്ങൾ എത്തുക, ഏതെല്ലാം ദിവസം ഏതെല്ലാം മാലിന്യങ്ങളാണ് ശേഖരിക്കുക തുടങ്ങിയ  കാര്യങ്ങളെല്ലാം ലൈവ് ട്രാക്കിംഗ് നടത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 


പൂർണ്ണമായും കേരളത്തിലെ മാലിന്യ ശേഖരണത്തെയും മാലിന്യ സംസ്‌കരണത്തെയും ഡിജിറ്റലായി കേന്ദ്രീകൃതമായി നിരീക്ഷിക്കാൻ കഴിയുന്നു എന്നതാണ് ഹരിതമിത്രം 2.0 യുടെ ഏറ്റവും വല്യ പ്രത്യേകത. ഉദ്യോഗസ്ഥർക്ക് മാത്രമല്ല മന്ത്രിക്കു തന്നെയും ഇക്കാര്യങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ കഴിയുമെന്നത് ഏറ്റവും വല്യ ഒരു മാറ്റമാണ്. ഹരിതമിത്രം 2.0 കേരളത്തിലെ മാലിന്യ സംസ്‌കരണത്തെ അടിമുടി മാറ്റിമറിക്കുമെന്നതിൽ സംശയം വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഹരിതകർമ്മസേനയിലെ അംഗങ്ങളെ  സംബന്ധിച്ച് കൂടുതൽ അന്തസ്സോട്  കൂടിയും  അഭിമാനത്തോട് കൂടിയും  അനായാസമായും  അവരുടെ ജോലികൾ  ചെയ്യാനുള്ള സാഹചര്യം കൂടി ഉണ്ടാവുകയാണ്.

മുൻപ്  സ്വച്ഛ് സർവേക്ഷൻ റാങ്കിങ് വരുമ്പോൾ കേരളത്തിലെ നഗരങ്ങൾ എവിടെയും ഇല്ലല്ലോ എന്ന വിമർശനങ്ങളാണ് വന്നിരുന്നത്. എന്നാൽ ഇപ്പോൾ വിവിധ ക്യാറ്റഗറികളിലായി ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള നൂറിൽ എട്ടെണ്ണം കേരളത്തിലെ നഗരങ്ങളാണ്. തെക്ക് തിരുവനന്തപുരം മുതൽ വടക്ക് മട്ടന്നൂർ വരെ കേരളത്തിലാകെ നഗരങ്ങളിലുണ്ടായ മാറ്റം സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായിട്ടുണ്ടായിട്ടുള്ളതാണ്. ആ മാറ്റത്തിന്റെ അനേകം ചിത്രങ്ങൾ കാണാൻ കഴിയും. ബ്രഹ്‌മപുരത്ത് തീപിടുത്തം ഉണ്ടായപ്പോൾ അസംബ്ലിയിൽ അടിയന്തിര പ്രമേയത്തിനു മറുപടി പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ചത്  ഈ ആപത്തിനെ ഒരവസരമാക്കിമാറ്റുമെന്നാണ്.  ഇന്ന്  ആ  ആപത്തിനെ  കേരളത്തെ ആകെ ശുചിയാക്കാനുള്ള ഒരവസരമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


അവിടെ പ്രഖ്യാപിച്ച മറ്റൊരു കാര്യം ബ്രഹ്‌മപുരം ഒരു പൂങ്കാവനമാക്കി മാറ്റുമെന്നായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഡംപ് സൈറ്റ് ആയിരുന്ന, 9 ലക്ഷം മെട്രിക് ടൺ മാലിന്യം 110 ഏക്കറിൽ കുമിഞ്ഞു കൂടിയിരുന്ന പ്രദേശം 90 % മാലിന്യം പൂർണ്ണമായും നീക്കം ചെയ്ത്   വീണ്ടെടുത്തു കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഒരിക്കൽ വിഷമയമായി  കിടന്നിരുന്ന ബ്രഹ്‌മപുരത്തിന്റെ മണ്ണിൽ ചെടികൾ വളർന്നിരിക്കുന്നു, ശലഭങ്ങൾ, പക്ഷികൾ തിരിച്ചെത്തിയിരിക്കുന്നു.  യുദ്ധകാലാടിസ്ഥാനത്തിൽ, റെക്കോർഡ് വേഗത്തിൽ ബ്രഹ്‌മപുരത്തു സി.ബി.ജി പ്ലാന്റ്  പണി പൂർത്തിയായി, ഈ സെപ്റ്റംബർ ആദ്യ വാരത്തിൽ മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്യുകയാണ്.

 ബ്രഹ്‌മപുരത്ത് മാത്രമല്ല പാലക്കാട്ടെ സി.ബി.ജി പ്ലാന്റ് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. രണ്ടു മാസത്തിനകം അതുൽഘാടനം ചെയ്യും. കോഴിക്കോട്ടെ സി.ബി.ജി പ്ലാന്റിന്റെ എം.ഒ.യു ഒപ്പിട്ടു കഴിഞ്ഞു.  അതുപോലെ, ത്രിശൂരിൽ സി.ബി.ജി പ്ലാന്റിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലം സി.ബി.ജി പ്ലാന്റിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരത്തും സി.ബി.ജി പ്ലാന്റ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.   ജൈവമാലിന്യ  സംസ്‌കരണത്തിലെ കേരളത്തിന്റെ പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ കഴിയും. എന്ന് മാത്രമല്ല ഉറവിട മാലിന്യ സംസ്‌കരണം  പ്രോത്സാഹിപ്പിക്കാൻ 5 % പ്രോപ്പർട്ടി ടാക്സ് ഇളവ് സർക്കാരിന്റെ ചരിത്രപരമായ തീരുമാനമാണ്. ജൈവമാലിന്യ സംസ്‌കരണം പൂർണമാക്കുന്നതിന് ഉറവിട മാലിന്യ സംസ്‌കരണത്തോടൊപ്പം കേന്ദ്രീകൃതമായ മാലിന്യസംസ്‌കരണപ്ലാന്റുകളുമുൾപ്പെടുന്ന ദ്വിമുഖ സമീപനമാണ് സർക്കാർ അനുവർത്തിക്കുന്നത്. ഏഴ് സിബിജി പ്ലാന്റുകൾ ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കും.

മാലിന്യസംസ്‌കരണ രംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തിനനുസരിച്ചുള്ള മാറ്റം സമൂഹത്തിന്റെ മനോഭാവത്തിലുംകൂടി ഉണ്ടാകേണ്ടതുണ്ടെന്നും  കഴിഞ്ഞ ജനുവരി മുതൽ ഈ ജൂൺ  മാസം വരെ കേരളത്തിൽ മാലിന്യം  പൊതുവിടങ്ങളിൽ വലിച്ചെറിഞ്ഞതിന്റെ പേരിൽ ചുമത്തിയ പിഴ 9.55 കോടി രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.     


സ്വച്ഛ് സർവേക്ഷണിൽ മികച്ച പ്രകടനം കാഴ്ചവെച്ച നഗരസഭകളെയും ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും മന്ത്രി ആദരിച്ചു. ചടങ്ങിൽ ഹരിതമിത്രം 2.0 ആപ്ലിക്കേഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിങ് പദ്ധതിയും ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് സ്വച്ഛ് സർവേക്ഷണത്തിലെ റാങ്കിങ് പ്രക്രിയയും കേരളത്തിന്റെ നേട്ടങ്ങളും  അവതരിപ്പിച്ചു. സ്വച്ഛ് സർവേക്ഷണിൽ ഇത്തവണ കേരളം ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. എട്ട് നഗരങ്ങൾ ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടം നേടിയപ്പോൾ 82 നഗരങ്ങൾ ആദ്യ ആയിരത്തിലുമെത്തി. സംസ്ഥാനത്ത് ആദ്യമായി 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ (ജി.എഫ്.സി) റേറ്റിങ് ലഭിച്ചു. ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള ഏറ്റവും ഉയർന്ന അംഗീകാരമായ വാട്ടർ പ്ലസ് സർട്ടിഫിക്കേഷൻ തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി. മൂന്ന് നഗരസഭകൾ ODF++ അംഗീകാരവും 77 നഗരങ്ങൾ ODF+ അംഗീകാരവും നേടി.  ഒരു നഗരത്തിന് പ്രോമിസിങ് സ്വച്ഛ് ഷഹർ അവാർഡും ലഭിച്ചു.

ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ. സന്തോഷ് ബാബു  ഹരിതമിത്രം 2.0 ആപ്പിന്റെ സവിശേഷതകളെക്കുറിച്ച് വിശദീകരിച്ചു. ഹരിതമിത്രം 2.0 പഴയ ആപ്ലിക്കേഷൻ  പൂർണമായും പുതിയ പ്ലാറ്റ്ഫോമിലാണ് വികസിപ്പിച്ചിരിക്കുന്നത്. കെ-സ്മാർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ആപ്ലിക്കേഷൻ യൂസർഫീ ശേഖരണത്തിലും സാമ്പത്തിക ഇടപാടുകളിലും പരമാവധി സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന് സഹായകരമാകും.

 മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി. ഷൊർണൂർ എം എൽ എ പി. മമ്മിക്കുട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ ചെയർപേഴ്‌സൺ കെ. ജി. രാജേശ്വരി, മേയർസ് കൗൺസിൽ കേരള പ്രസിഡന്റ് അനിൽ കുമാർ എം, മുനിസിപ്പൽ ചെയർമാൻ ചേംബർ അധ്യക്ഷൻ എം. കൃഷ്ണദാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിമാരായ അനുപമ ടി.വി., ഡോ. അദീല അബ്ദുല്ല, കെ.എസ്.ഡബ്ല്യു.എം.പി. പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ഡയറക്ടർമാരായ സൂരജ് ഷാജി (അർബൻ), അപൂർവ ത്രിപാഠി (റൂറൽ), കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. എം. ഉഷ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.