വായു മലിനീകരണം തിരിച്ചറിയാം; പരിഹാരവും കണ്ടെത്താം

post

വായു മലിനീകരണം ഉണ്ടായാല്‍ അതിന് കാരണമായ ഘടകവും ഉറവിടവും കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായാണ് കണ്ടിന്യൂവസ് ആമ്പിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായ പരിശോധന നടത്തി ഫലം തല്‍സമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വറിലേയ്ക്ക് അയക്കുന്നതോടൊപ്പം കലര്‍ന്ന മാലിന്യത്തിന്റെ അളവ് പൊതുജനങ്ങളിലേക്കെത്തുന്നതിനായി ഡിസ്‌പ്ലേ സംവിധാവും ഇവിടെയുണ്ട്.

മലിനീകരണ നിയന്ത്രണത്തിനായി സ്വീകരിക്കേണ്ടുന്ന നടപടികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിനും അതിനനുസരിച്ച് ഫണ്ടുകള്‍ നീക്കി വയ്ക്കുന്നതിനും നിരീക്ഷണം സഹായകമാകും. വിവിധ സ്ഥലങ്ങളെ മലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുക, പരിസ്ഥിതി ഗുണനിലവാരം നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കുക തുടങ്ങിയവയ്ക്കും കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താം.

500 മീറ്ററ് ചുറ്റളവിലെ വായുവിന്റെ ഗുണനിലവാരം ആണ് ലഭ്യമാകുന്നത്. പദ്ധതി ചിലവ് ഒരു കോടി രൂപ. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് തീര്‍ത്ത സംവിധാനത്തിന്റെ  പ്രവര്‍ത്തനവും പരിപാലനവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍വഹിക്കും.