തെക്കംപോയില്‍ അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

കണ്ണൂർ തെക്കംപോയില്‍ അങ്കണവാടിയുടെ പുതിയ കെട്ടിടം കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി. കാലപ്പഴക്കം മൂലം നാശം സംഭവിച്ച കെട്ടിടത്തിന് പകരമാണ് പുതിയ കെട്ടിടം. എം എല്‍ എയുടെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് തില്ലങ്കേരി പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നിലവില്‍ 16 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 63.4 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഹാള്‍, അടുക്കള, കോമണ്‍ ടോയ്‌ലറ്റ്, സ്റ്റോര്‍ റൂം, കുട്ടികള്‍ക്കായുള്ള ശുചിമുറി, വാഷിംഗ് ഏരിയ എന്നിവ അടങ്ങിയിരിക്കുന്നു. ലോ ഇംപാക്ട് ഡെവലപ്‌മെന്റ് ആന്‍ഡ് എഞ്ചിനീയറിംഗ് വിംഗാണ് പദ്ധതി നിര്‍വഹണം നടത്തിയത്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിക്ക്, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി ആശ, വി വിമല, പി.കെ രതീഷ്, വാര്‍ഡ് അംഗം പി.ഡി മനീഷ എന്നിവര്‍ സംസാരിച്ചു.