വിജയഗാഥയുമായി കുടുംബശ്രീ ഹോം ഷോപ്പുകള്‍

post

കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സാമൂഹ്യാധിഷ്ഠിത വിപണന-വിതരണ സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച ഹോം ഷോപ്പുകള്‍ ഇന്ന് കണ്ണൂർ ജില്ലയിലെ 81 സി ഡി എസുകളിലെ 3000 വനിതാ സംരംഭകരുടെ വരുമാന മാര്‍ഗമാണ്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ജെ എല്‍ ജി കര്‍ഷക യൂണിറ്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ എന്നിവയോടൊപ്പം ഓണം പ്രമാണിച്ച് സി ഡി എസുകളില്‍ കൃഷി ചെയ്യുന്ന ചെണ്ടുമല്ലി പൂക്കളും കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളില്‍ നിന്നും നിര്‍മിക്കുന്ന പായസക്കൂട്ടും ഓണം സ്‌പെഷ്യലായി ഇവിടെ ലഭിക്കും.

2018 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹോം ഷോപ്പുകളില്‍ കുടുംബശ്രീ ബ്രാന്‍ഡില്‍ എത്തുന്ന കറി പൗഡറുകള്‍, അച്ചാറുകള്‍, ജാം, ബ്രെഡ്, വെളിച്ചെണ്ണ, ചെറുധാന്യ പൊടികള്‍, പുട്ട് പൊടി, ഐ എഫ് സി ഉല്‍പ്പന്നങ്ങള്‍, തണ്ണിമത്തന്‍, കുത്തരി, ജൈവ വളം, വീട്ടില്‍ നിന്നും മറ്റു സംരംഭങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന സോപ്പ്, ഡിഷ് വാഷ്, പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും ഹോം ഷോപ്പുകളില്‍ ലഭിക്കും. നിലവില്‍ 15 ലക്ഷം രൂപയാണ് മാസംതോറും ജില്ലയിലെ ഹോം ഷോപ്പുകളില്‍ നിന്നുമുള്ള വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനമൊട്ടാകെ 18.66 കോടി രൂപയാണ് ഹോം ഷോപ്പ് സംവിധാനം വഴിയുള്ള വിറ്റു വരവ്. കൂടുതല്‍ ഹോം ഷോപ്പുകള്‍  തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍.