കണ്ണൂരിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി

post

പുതിയ ഖാദി ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും: സ്പീക്കർ എ എൻ ഷംസീർ

പഴയതിൽ നിന്നും വ്യത്യസ്തമായി പുതിയ കാലത്തെ ഖാദി നവതലമുറകളായ ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും ഉപയോഗ പ്രദമാകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേളയുടെ ജില്ലാ തല ഉദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തെ പുതിയ തലമുറയോട് മത്സരിച്ച് ഖാദിയെ മുന്നിട്ട് നിർത്താനും ഡോക്ടർ, നേഴ്‌സ്, വക്കീൽ തുടങ്ങിയവർക്കുള്ള കോട്ടുകൾ ഖാദിയിൽ ഉത്പാദിപ്പിക്കാനും ഖാദി ബോർഡ് നടത്തുന്ന പരിശ്രമങ്ങൾ അഭിന്ദർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഖാദി ബോർഡ് പുതിയതായി അവതരിപ്പിച്ച ഖാദി സ്ലിംഗ് ബാഗ് സ്പീക്കർ പുറത്തിറക്കി.

കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്ന പരിപാടിയിൽ  ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി. ഖാദി ദരിദ്രരുടെ പ്രസ്ഥാനമാണെന്നും അതുകൊണ്ടുതന്നെ സമൂഹത്തിൽ സന്മനസ്സുള്ളവരാണ് ഖാദി പ്രസ്ഥാനത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട്ടിൽ ഒരു ഖാദി ഉൽപ്പന്നങ്ങളെങ്കിലും വാങ്ങിക്കണമെന്നും പി ജയരാജൻ അഭ്യർഥിച്ചു.

ഖാദിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സമ്മാനക്കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പി ജയരാജൻ ഖാദി ഉത്പന്നങ്ങളുടെ ആദ്യ വിൽപ്പന നടത്തി. സ്‌പോർട്‌സ് കൗൺസിൽ അംഗം ജയദീപ് ബാബു ഏറ്റുവാങ്ങി.


ഖാദി ഉൽപന്നങ്ങളായ സിൽക്ക്, കോട്ടൺ സാരികൾ, ബെഡ്ഷീറ്റ്, മുണ്ടുകൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും. ഒക്ടോബർ ഏഴിന് നടക്കുന്ന നറുക്കെടുപ്പിൽ മെഗാ സമ്മാനമായി ടാറ്റാ ടിയാഗോ ഇ വി കാറും രണ്ടാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഒന്ന് വീതം ബജാജ് ഇ വി സ്‌കൂട്ടറും മൂന്നാം സമ്മാനമായി  50 ഗിഫ്റ്റ് വൗച്ചറുകളും നൽകും. ജില്ലയിൽ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം ഗവ. കിഴിവുമുണ്ട്.

കണ്ണൂർ കോപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ എൽ ഡി എം ഡോ. കെ എസ് രഞ്ജിത്ത്, ജില്ല ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽ കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ബാർ കൗൺസിൽ പ്രതിനിധി ഇ പി ഹംസക്കുട്ടി, വിവിധ സർവീസ് സംഘടന പ്രധിനിധികളായ പി പി സന്തോഷ് കുമാർ, ഇ പി അബ്ദുള്ള, പി സി റഫീഖ്, കെ പി ഗിരീഷ് കുമാർ, പി മുകേഷ്, കെ ഷാജി, പ്രകാശൻ മാസ്റ്റർ, കെ.ടി സാജിദ്, കെ രാജേഷ്, ഖാദി പ്രൊജക്റ്റ് ഓഫീസർ ഷോളി ദേവസ്യ എന്നിവർ സംസാരിച്ചു.