വായനാ മാസാചരണം സമാപിച്ചു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ സമാപന സമ്മേളനം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
അക്ഷരങ്ങളിലൂടെ ലഭിക്കുന്ന സർഗാത്മക അനുഭൂതിയെ ഓരോ ദിവസവും തൊട്ടറിയണമെന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അഭൂതപൂർവ്വമായ വളർച്ച മനുഷ്യന്റെ സർഗ്ഗാത്മകതയെ ബാധിക്കുന്നതിനെ മറികടക്കാൻ വായനയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി അധ്യക്ഷയായി.
വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി സാഹിത്യകൃതികളെ ആസ്പദമാക്കി നടത്തിയ പുസ്തകത്തിനൊരു കത്ത്, കാരിക്കേച്ചർ, പുസ്തക കവർപേജ് ഡിസൈനിങ് എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ജില്ലാ കലക്ടർ അരുൺ. കെ. വിജയനും ചേർന്ന് വിതരണം ചെയ്തു. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായിരുന്നു മത്സരങ്ങൾ. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മൽസര വിജയികൾക്കും സമ്മാനങ്ങൾ നൽകി.
മുഖ്യാതിഥി അസി. കലക്ടർ എഹ്തെദ മുഫസിർ വിദ്യാർഥികളോട് സംവദിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, സമഗ്രശിക്ഷാ കേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ.സി. വിനോദ്, കണ്ണൂർ ഡി.ഇ.ഒ വി.ദീപ, വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കാരയിൽ സുകുമാരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസി. എഡിറ്റർ സൗമ്യ മത്തായി എന്നിവർ സംസാരിച്ചു. മത്സരങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകൾ പ്രദർശിപ്പിച്ചു.