മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം: 177 കോടിയുടെ നവീകരണ പദ്ധതിക്ക് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ 177 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും പ്രദേശത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ചുള്ള പദ്ധതിയാണിത്.
മൽസ്യത്തിഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകികൊണ്ട് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തുറമുഖ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. എന്നാൽ, ഈ പഠിച്ച വിദഗ്ദ്ധ സമിതി ആ പഠനം മാത്രമല്ല അതോടൊപ്പം മൽസ്യത്തൊഴിലാളികൾ, മൽസ്യ ബന്ധന യാന ഉടമകൾ ജനപ്രതിനിധികൾ തുടങ്ങിയവരുമായി എല്ലാം ചർച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുതലപ്പൊഴി മൽസ്യബന്ധന തുറമുഖത്തിന്റെയും പ്രദേശത്തിന്റെ ആകെയും വികസനത്തിന് കരുത്തു പകരുന്നതാകും ഈ പദ്ധതി എന്ന കാര്യത്തിൽ സംശയമില്ല. ഈ പദ്ധതിക്ക് മൊത്തം 177 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കളിത്തത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സഹകരണാത്മക ഫെഡറലിസത്തിന്റെ മറ്റൊരു ഉദാത്തമായ മാതൃകയായി ഈ പദ്ധതി മാറുകയാണ്. ഇത്തരത്തിൽ ജനക്ഷേമവും വികസനവും ലക്ഷ്യം വച്ചുകൊണ്ടുള്ള കൂടുതൽ പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ സഹകരണം സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പുലിമുട്ടുകളുടെ നീളം വർധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിങ് തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും. അതോടൊപ്പം മൽസ്യത്തൊഴിലാളികൾക്ക് ആവശ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കും.
ഇവിടെ വലിയതോതിൽ മണ്ണ് അടിഞ്ഞുകൂടുന്ന സാഹചര്യമുണ്ടാകുന്നത് വലിയ പ്രതിസന്ധിയും പരിമിതികളുമാണ് സൃഷ്ടിച്ചത്. അത് പരിഹരിക്കുന്നതിനാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ മൽസ്യ ബന്ധന തുറമുഖം കമ്മീഷൻ ചെയ്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ മൽസ്യബന്ധന തുറമുഖത്തിനു സൗകര്യവും സുരക്ഷയും ഒരുക്കേണ്ടത് ഏറെ അനിവാര്യമായ കാര്യമാണ്. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൽസ്യ തൊഴിലാളികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു നിലപാടിന്റെ ഭാഗമായാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ കേരളത്തിന്റെ ദീർഘമേറിയ തീരദേശത്തിന്റെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട് . തീരദേശവികസനത്തിനു സംസ്ഥാന സർക്കാർ 11,000 കോടി രൂപ കഴിഞ്ഞ ആറേഴു വർഷത്തെ കണക്കെടുത്താൽ നീക്കിവച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ബഡ്ജറ്റിൽ മൽസ്യബന്ധന മേഖലയ്ക്ക് 500 കോടി രൂപയോളം വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ് പുനർഗേഹം പദ്ധതി.
ഇതുവരെ 2,878 ഭവനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകിയിട്ടുണ്ട്. 1,736 ഫ്‌ലാറ്റുകളും 1,347 വീടുകളും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിനു പുറമെ ആണ് ലൈഫ് പദ്ധതിൽ ഉൾപ്പെടുത്തി ലഭിക്കുന്ന വീടുകൾ. മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി നാലായിരത്തി എഴുനൂറിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീടുകൾ, 192 മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്‌ലാറ്റുകൾ നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ കഴിഞ്ഞ 9 വർഷം കൊണ്ട് പതിനയ്യായിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് വീടുകൾ ലഭ്യമാക്കാൻ കഴിഞ്ഞത്. തൊഴിൽ ദിനങ്ങൾ നഷ്ടപെട്ട മത്സ്യത്തൊഴിലാളികൾക്ക് സഹായ ധനമായി 188 കോടിയോളം രൂപയാണ് ലഭ്യമാക്കിയത്. തീരദേശ സ്‌കൂളുകളിൽ 136 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വ്യകസന പദ്ധതികൾ ആണ് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ മുഖ്യാതിഥി ആയിരുന്നു. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ വി ജോയ്, വി ശശി, ഒ എസ് അംബിക, ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എന്താണ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി
മത്സ്യത്തൊഴിലാളികളുടെയും തീരദേശ മേഖലയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി. പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷന്റെ (CWPRS) പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മത്സ്യത്തൊഴിലാളികൾ, യാന ഉടമകൾ, ജനപ്രതിനിധികൾ എന്നിവരുടെ നിർദേശങ്ങൾ കണക്കിലെടുത്ത് 177 കോടി രൂപയുടെ ഭരണാനുമതിയോടെ പദ്ധതി നടപ്പാക്കുന്നു.
പ്രധാന ഘടകങ്ങൾ:
പുലിമുട്ട് നവീകരണം: തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർധിപ്പിക്കലും അറ്റകുറ്റപ്പണികളും.
ഡ്രെഡ്ജിങ്: തുറമുഖത്തെ മണ്ണടിയൽ പരിഹരിക്കൽ.
പെരുമാതുറ ഭാഗം: വാർഫ്, ലേലപ്പുര, കടമുറികൾ, ലോഡിംഗ് ഏരിയ.
താഴംപള്ളി ഭാഗം: ലേലപ്പുരയുടെ നീളം വർധിപ്പിക്കൽ, ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമ മുറികൾ, പാർക്കിംഗ് ഏരിയ, ഇന്റേണൽ റോഡ്.
അടിസ്ഥാന സൗകര്യങ്ങൾ: വൈദ്യുതീകരണം, ജലവിതരണം, സ്മാർട്ട് & ഗ്രീൻ ഹാർബർ സംവിധാനങ്ങൾ.