കേരളത്തിന്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം

കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ (State Collaberative Initiative) കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായി കേരളത്തിൻ്റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം പിടിച്ചു.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ വില്ലേജുകൾ സ്മാര്‍ട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നുണ്ട്.വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്. ഒരു എടിഎം കാർഡിൻ്റെ മാതൃകയിൽ ചിപ്പും QR കോഡും യൂണിക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യൂ കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.