സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

post

ശാസ്ത്രം എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധം: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

കോട്ടയം സയൻസ് സിറ്റി സമയബന്ധിതമായി പൂർണ്ണസജ്ജമാക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തു പലവിധ അന്ധകാരങ്ങളും പടർന്നു വ്യാപിക്കുമ്പോൾ ശാസ്ത്രത്തിന്റെ പ്രസക്തി വീണ്ടും വർദ്ധിക്കുകയാണ്. ജാതിവാദത്തെ മുതൽ മന്ത്രവാദത്തെ വരെ എല്ലാ ജീർണതകളോടുംകൂടി തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നു.

എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധമാണു ശാസ്ത്രം. നവോത്ഥാന കാലത്തു തന്നെ ശാസ്ത്രത്തെ വാഴ്ത്തി സയൻസ് ദശകം എഴുതിയ ചരിത്രമാണു കേരളത്തിനുള്ളത്.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ശാസ്ത്രത്തിനു പ്രസക്തിയേറുന്നത്. ഇതിനൊടൊപ്പം, കമ്യൂണിക്കേഷൻ രംഗം മുതൽ രോഗപ്രതിരോധം വരെയുള്ള കാര്യങ്ങളിൽ മനുഷ്യനു തുണയാവുന്നതും ശാസ്ത്രമാണ്. ശാസ്ത്രബോധമുള്ള പുതുതലമുറയെ നമുക്കു വളർത്തിയെടുക്കേണ്ടതുണ്ട്. അതിനടക്കം ഉപകരിക്കട്ടെ ഈ ശാസ്ത്ര കേന്ദ്രം എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

14.5 കോടി രൂപ ചെലവഴിച്ചാണ് സയൻസ് സിറ്റിയുടെ ഭാഗമായ സയൻസ് സെന്റർ സ്ഥാപിച്ചത്. ഇതിന്റെ പകുതി ചെലവ് സംസ്ഥാന സർക്കാരും പകുതി ചെലവ് കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. സഹകരണാത്മക ഫെഡറലിസത്തിന്റെ മറ്റൊരു മാതൃകയായി തീരുകയാണ് ഇത്. സയൻസ് സിറ്റി യാഥാർത്ഥ്യമാക്കുന്നതിൽ ജോസ് കെ. മാണി എം.പി.യുടെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്തെ ഒരു എജ്യൂക്കേഷൻ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുൻകൈ എടുക്കുന്നു.

2013 ലാണ് ഈ പദ്ധതിക്കായി ഇവിടെ സ്ഥലം കണ്ടെത്തുന്നത്. 2014 ൽ ഇതിന്റെ നിർമ്മാണോദ്ഘാടനം നടന്നു. 2022 ൽ കെട്ടിടം അടക്കമുള്ള സൗകര്യങ്ങൾ അവിടെ പൂർത്തിയാക്കിയിരുന്നു. അതിനു ശേഷമാണ് ഇന്നു കാണുന്ന നിലയിലേക്ക് ഈ സ്ഥാപനത്തെ നമ്മൾ മാറ്റിയെടുത്തത്.

സയൻസ് സെന്ററിനായി ചെലവഴിച്ച തുകയ്ക്കു പുറമെ ഈ സയൻസ് സിറ്റിക്കുവേണ്ടി 50 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. മറ്റു സൗകര്യങ്ങൾ ഒരുക്കാൻ ഇനി 45 കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ശാസ്ത്രാവബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പുകൂടി ആവുകയാണ് സയൻസ് സിറ്റി.

ശാസ്ത്ര സാങ്കേതികവിദ്യാ രംഗത്ത് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധേയമായ ചുവടുവയ്പ്പായിരുന്നു സയൻസ് പാർക്കുകൾ. 1,000 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് നാലു സയൻസ് പാർക്കുകൾ ഒരുങ്ങുകയാണ്.

നൂതന സാമഗ്രികളുടെ വികസനത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന കാഴ്ചപ്പാടോടെ, ഡിജിറ്റൽ സർവ്വകലാശാല, സെന്റർ ഫോർ മെറ്റീരിയൽസ് ഇൻ ഇലക്‌ട്രോണിക് ടെക്‌നോളജീസുമായി സഹകരിച്ച്, ഗ്രാഫീനിനായുള്ള ഇന്ത്യ ഇന്നൊവേഷൻ സെന്റർ കൊച്ചിയിൽ സ്ഥാപിച്ചിട്ടുണ്ട്. ബയോ 360 ലൈഫ് സയൻസ് പാർക്കിൽ 14 കമ്പനികൾ പ്രവർത്തിക്കുന്നു. ലൈഫ് സയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ക്ലസ്റ്ററായി ലൈഫ് സയൻസ് പാർക്ക് മാറിയിട്ടുണ്ട്.

ഇതെല്ലാംതന്നെ കാണിക്കുന്നത് ശാസ്ത്ര സാങ്കേതികവിദ്യാ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിനുള്ള ആത്മാർത്ഥതയെയാണ്. അതിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ കഴിയുന്ന ഒന്നാകും ഈ സയൻസ് സിറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ അപൂർവയിനം വന, സുഗന്ധവ്യഞ്ജന, ഫല ഔഷധ ഉദ്യാന സസ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഉദ്യാനത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

ഉന്നതവിദ്യാഭ്യാസ - സാമൂഹികനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളായി.

എം.പിമാരായ ജോസ് കെ. മാണി , ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ.ഡി. ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഇൻ ചാർജ് പി.എസ്. സുന്ദർലാൽ എന്നിവർ പ്രസംഗിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ സംസ്ഥാന സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റിയുടെ നിർമാണം.


വൈജ്ഞാനിക പഠനത്തിന്റെ പരീക്ഷണശാല: കേന്ദ്ര മന്ത്രി ശെഖാവത്ത്

വൈജ്ഞാനിക പഠനത്തിൻ്റെ പരീക്ഷണശാലയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സാംസ്കാരിക - വിനോദസഞ്ചാര വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. കോട്ടയം സയൻസ് സെൻ്ററിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗ്ക്കുകയായിരുന്നു അദ്ദേഹം. ഇതു പോലുള്ള കേന്ദ്രങ്ങൾ ശാസ്ത്രീയ ചിന്തകളുടെ ജന്മസ്ഥലമാണ്. ശാസ്ത്ര പ്രചാരണത്തിന് വിപുലമായ പരിപാടികൾ ആണ് നടത്തുന്നത്. എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.


ശാസ്ത്രാവബോധം വളർത്തുന്നതിൽ പ്രചോദനം: മന്ത്രി ആർ. ബിന്ദു

ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്തുന്നതിൽ പുതിയ തലമുറയ്ക്ക് പ്രചോദനമാകും സയൻസ് സിറ്റിയെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹി നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കോട്ടയം സയൻസ് സെൻ്ററിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. ശാസ്ത്രാവബോധം വളർത്തുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് വിവിധ സ്ഥലങ്ങളിൽ ഈ സർക്കാരിൻ്റെ കാലത്ത് പൂർത്തിയായ സയൻസ് പാർക്കുകളും ഡിജിറ്റൽ പാർക്കുകളും. പ്രതിസന്ധികൾ ഉണ്ടായപ്പോൾ സയൻസ് സിറ്റിയുടെ പൂർത്തീകരണത്തിന് പ്രതിജ്ഞാബന്ധതയോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു.


അഭിമാനകരമായ പദ്ധതി: മന്ത്രി വി.എൻ. വാസവൻ

കോട്ടയത്തിന് അഭിമാനകരമായ രീതിയിലാണ് സയൻസ് സിറ്റി പൂർത്തിയാക്കിയതെന്ന് സഹകരണം - തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശാസ്ത്ര ബോധം വളർത്തുന്നതിലും നാടിന്റെ വികസനത്തിലും ഇത് വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.