സ്വാതി സംഗീത പുരസ്‌കാരം കർണ്ണാടക സംഗീതജ്ഞൻ പി.ആർ.കുമാര കേരളവർമ്മയ്ക്ക്

post

ഇന്ത്യൻ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകൾ നൽകിയ സംഗീതപ്രതിഭകൾക്ക് കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു. കർണ്ണാടക സംഗീതജ്ഞൻ പി.ആർ.കുമാര കേരളവർമ്മയ്ക്കാണ് 2021ലെ പുരസ്‌കാരം. കർണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളിൽ നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് കുമാര കേരളവർമ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ.കെ.ഓമനക്കുട്ടി ചെയർപേഴ്‌സണും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മെമ്പർ സെക്രട്ടറിയും സംഗീതജ്ഞൻമാരായ പാർവതീപുരം എച്ച്. പത്മനാഭ അയ്യർ, കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായുള്ള പുരസ്‌കാര നിർണ്ണയ സമിതിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഏറ്റവുമധികം സ്വാതിതിരുനാൾ കൃതികൾ പാടിയിട്ടുള്ള സംഗീതജ്ഞനും മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജ സ്വാമികൾ, ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികൾ ചിട്ടപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രതിഭയാണ് കുമാര കേരളവർമ്മയെന്നും ഈ പുസ്തകങ്ങൾ ഭാവിതലമുറയ്ക്കുള്ള മികച്ച പാഠപുസ്തകം കൂടിയാണെന്നും പുരസ്‌കാര നിർണ്ണയ സമിതി ചെയർപേഴ്‌സൺ ഡോ.കെ.ഓമനക്കുട്ടി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയായ കുമാര കേരളവർമ്മ വളരെ ചെറുപ്രായത്തിൽ തന്നെ കച്ചേരികൾ നടത്തി സംഗീത രംഗത്തേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. എണ്ണക്കാട് കൊട്ടാരത്തിലെ ഇ.രാമവർമ്മ രാജയുടെയും പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിൽ നിന്നും സംഗീതത്തിൽ ഗാനഭൂഷൺ, സംഗീത വിദ്വാൻ, ഗാനപ്രവീണ കോഴ്സുകൾ ഫസ്റ്റ് ക്ലാസ്സോടെ പൂർത്തിയാക്കി. 196 ൽ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിൽ നിന്നും സംഗീതത്തിൽ ദേശീയ സ്‌കോളർഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ശൊമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴിൽ ഗുരുകുലസമ്പ്രദായത്തിൽ സംഗീതത്തിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കി. 1966ൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നീണ്ട 28 വർഷത്തെ സേവനത്തിനുശേഷം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും പ്രിൻസിപ്പാളായാണ് വിരമിച്ചത്. കർണ്ണാടക സംഗീതരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച്, കേരള സംഗീത നാടക അക്കാദമി 1993ൽ അക്കാദമി അവാർഡും 2017 ൽ ഫെലോഷിപ്പും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ പരീക്ഷവിഭാഗത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു. ഭാവിതലമുറയ്ക്കുവേണ്ടി കർണ്ണാടക സംഗീത രംഗത്ത് ഒട്ടനവധി സംഭാവനകൾ നൽകിയ മഹാസംഗീതജ്ഞനായ കുമാര കേരളവർമ്മയെ സ്വാതി സംഗീത പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.