നോർക്ക എൻ.ഡി.പി.ആർ.ഇ.എം -വനിതാമിത്ര പദ്ധതി; വനിതാ വികസന കോർപ്പറേഷനുമായി കരാർ പുതുക്കി

നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്സ് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് നടപ്പിലാക്കിവരുന്ന വനിതാമിത്ര-സംരംഭക വായ്പാ പദ്ധതിയുടെ കരാർ പുതുക്കി. എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി വനിതാ സംരംഭകർക്കു മാത്രമായുളള പദ്ധതിയാണിത്. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ബിന്ദു വി.സി യും തമ്മിലാണ് കരാർ കൈമാറിയത്. 2028 മാർച്ചു വരെയാണ് പുതിയ കരാർ.
രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി വനികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തനും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭങ്ങൾക്ക് 30 ലക്ഷം രൂപവരെയുളള വായ്പകൾ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാതിരിച്ചടവിന് 15 ശതമാനം മൂലധനസബ്സിഡിയും നോർക്ക റൂട്ട്സിൽ നിന്നും മുന്നു ശതമാനം പലിശ സബ്സിഡിയും പുറമേ വനിതാ വികസന കോർപ്പറേഷൻ നൽകുന്ന പലിശ സബ്സിഡിയും ലഭിക്കും. വനിതാവികസന കോർപ്പറേഷന്റെ www.kswdc.org എന്ന വെബ്ബ്സൈറ്റു വഴി അപേക്ഷ നൽകാവുന്നതാണ്. എൻ.ഡി.പി.ആർ.ഇ.എം, വനിതാമിത്ര പദ്ധതികൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.