തെക്കുംഭാഗം പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പദവിയിലെത്തിക്കാന്‍ ഹരിതകര്‍മസേന

post

മാലിന്യ ശേഖരണത്തില്‍ മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിലെ തെക്കുംഭാഗം പഞ്ചായത്തിലെ ഹരിതകര്‍മസേന. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും 5627 ടണ്‍ അജൈവ മാലിന്യമാണ് ഇവര്‍ ശേഖരിച്ചത്. ശേഖരിച്ച അജൈവ മാലിന്യം ക്ലീന്‍ കേരള  കമ്പനിക്ക് കൈമാറിയതിലൂടെ 2,94,700 രൂപയുടെ അധികവരുമാനം നേടാനും സാധിച്ചു.

13 വാര്‍ഡുകളിലായി 26 ഹരിതകര്‍മ സേനാംഗങ്ങളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍ നിന്നുളള വാതില്‍പ്പടി ശേഖരണം മുതല്‍ പഞ്ചായത്തിന്റെ പൊതുസ്ഥലങ്ങള്‍ വരെ വൃത്തിയാക്കുന്നതില്‍ ഹരിതകര്‍മസേന ശ്രദ്ധ നല്‍കുന്നു. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നിരന്തര പരിശ്രമങ്ങളിലൂടെ 2025 മാര്‍ച്ചില്‍ യൂസര്‍ ഫീ കളക്ഷന്‍ 85 ശതമാനത്തില്‍ എത്തിക്കാനായി. ശേഖരിക്കുന്ന മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിക്കാന്‍ എം.സി.എഫ് സ്ഥാപനവും സേനാംഗങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.  

ഫലപ്രദമായ മാലിന്യശേഖരണത്തോടൊപ്പം മറ്റു മാതൃകാ പ്രവര്‍ത്തനങ്ങളും ഹരിതകര്‍മസേന മുഖേന പഞ്ചായത്തില്‍ നടപ്പാക്കുന്നു. തെക്കുംഭാഗം പഞ്ചായത്തിലെ പൊതുമാര്‍ക്കറ്റ് ശുചീകരിക്കുകയും ചെടികളും ഫലവൃക്ഷത്തൈകളും നട്ടു പിടിപ്പിച്ച് പൊതുസൗഹൃദ ഇടമാക്കി മാറ്റുകയും ചെയ്തിരുന്നു. ഹരിതകര്‍മ സേനാംഗങ്ങളുടെ അധിക വരുമാനം ലക്ഷ്യമിട്ടുളള സംരംഭങ്ങളും പ്രാരംഭഘട്ടത്തിലാണ്. പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ട് ഹരിതകര്‍മ സേനയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട മൂന്നു ഗ്രൂപ്പുകള്‍ തുണിസഞ്ചി നിര്‍മാണ സംരംഭം ആരംഭിച്ചിട്ടുണ്ട്.

കുടുംബശ്രീ സി.ഡി.എസും ഹരിതകര്‍മസേനയും തെക്കുംഭാഗത്തിന് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത് പദവി നേടിക്കൊടുക്കുന്നതിനുള്ള പരിശ്രമത്തിലാണ്. പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍.