ഉല്ലാസ് : 8000 പേര്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതം

അക്ഷരലോകം അന്യമായ ആയിരങ്ങളെ അറിവിന്റെ പുതുലോകത്തേക്ക് സ്വാഗതം ചെയ്യുകയാണ് ജില്ലയിലെ സാക്ഷരതാമിഷന്‍. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെയാണ് ജില്ലയിലെ 8000 നിരക്ഷരരെ കണ്ടെത്തിയത്. തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലുള്ള ഇവരെയെല്ലാം സാക്ഷരരാക്കാനുള്ള തയ്യാറെടുപ്പിന് തുടക്കമായി. കൂടുതല്‍ പേര്‍ക്കായി സര്‍വെ പിന്നാലെ നടത്തും. ഇതിനായുള്ള വൊളന്റിയര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് സാക്ഷരതാപ്രവര്‍ത്തനം നടത്തുന്നത് . 60 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള എസ്.സി -1,200 എസ്.ടി -400, ന്യൂനപക്ഷ വിഭാഗങ്ങള്‍ -2480 പൊതുവിഭാഗം -3920 പേര്‍ എന്നിങ്ങനെ നിരക്ഷരരായ 6,320 സ്ത്രീകളെയും 1,680 പരുഷന്മാരെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതിനടത്തിപ്പ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ ഉദ്ഘാടനം ചെയ്തു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ് അധ്യക്ഷനായി.ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ ടോജോ ജേക്കബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, ജില്ലാ കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി ഡി. ഉന്‍മേഷ്, ജില്ലാ യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍ വി.എസ്. ബിന്ദു, വിവിധ വകുപ്പ് മേധാവികള്‍, സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.