കുട്ടിച്ചാത്തൻ ത്രീഡിയിൽ വീണ്ടുമെത്തുന്നു; 100 സിനിമകളുമായി കേരളീയം ചലച്ചിത്രമേള

പുനരുദ്ധരിച്ച 5 ക്ലാസിക് സിനിമകൾ, 22 ജനപ്രിയ ചിത്രങ്ങൾ
സംസ്ഥാനത്തിന്റെ ഔന്നത്യം വിളിച്ചോതുന്ന കേരളീയം മഹോത്സവത്തിൻറെ ഭാഗമായുള്ള കേരളീയം ചലച്ചിത്രമേളയിൽ 100 സിനിമകൾ പ്രദർശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിൽ നവംബർ ഒന്നു മുതൽ ഏഴു വരെ കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. 87 ഫീച്ചർ ഫിലിമുകളും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിർമ്മിച്ച 13 ഡോക്യുമെൻററികളുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്ലാസിക് ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ, ജനപ്രിയ ചിത്രങ്ങൾ, ഡോക്യൂമെന്ററികൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായമാണ് ആദ്യ ചിത്രം. ഉദ്ഘാടന ദിവസം രാത്രി 7.30ന് നിള തിയേറ്ററിൽ മൈഡിയർ കുട്ടിച്ചാത്തൻ ത്രിഡിയിൽ പ്രദർശിപ്പിക്കും. ഈ ചിത്രത്തിൻറെ രണ്ടു പ്രദർശനങ്ങൾ മേളയിൽ ഉണ്ടായിരിക്കുമെന്ന് കനകക്കുന്ന് പാലസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ഡി.സുരേഷ് കുമാർ അറിയിച്ചു.
കേരളത്തിൻറെ നവോത്ഥാന കാലഘട്ടത്തിലൂടെയുള്ള യാത്രയുടെ ദൃശ്യാവിഷ്കാരമാണ് കേരളീയം ചലച്ചിത്ര മേളയെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വർധിപ്പിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദർശനം മേളയുടെ മുഖ്യ ആകർഷണമായിരിക്കും. ഓളവും തീരവും, യവനിക, വാസ്തുഹാര എന്നീ ചിത്രങ്ങളുടെ രണ്ട് ഡിജിറ്റൽ റെസ്റ്ററേഷൻ ചെയ്ത പതിപ്പുകളും കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങളുടെ 4കെ പതിപ്പുകളുമാണ് പ്രദർശിപ്പിക്കുക.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ച സിനിമകളാണ് പി.എൻ.മേനോൻറെ ഓളവും തീരവും, കെ.ജി ജോർജിൻറെ യവനിക, ജി.അരവിന്ദൻറെ വാസ്തുഹാര എന്നീ ചിത്രങ്ങൾ. ഇന്ത്യയുടെ ചലച്ചിത്ര പൈതൃക സംരക്ഷണത്തിനായി ഡോക്യുമെൻററി സംവിധായകൻ ശിവേന്ദ്രസിംഗ് ദുംഗാർപൂർ സ്ഥാപിച്ച ഫിലിം ഹെരിറ്റേജ് ഫൗണ്ടഷനാണ് തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങൾ 4കെ റെസല്യൂഷനിൽ പുനരുദ്ധരിച്ചിരിക്കുന്നത്. ഈയിടെ അന്തരിച്ച ചലച്ചിത്രനിർമ്മാതാവ് ജനറൽ പിക്ചേഴ്സ് രവിക്കുള്ള ആദരമെന്ന നിലയിൽ കുമ്മാട്ടി നവംബർ രണ്ടിന് നിളയിലും തമ്പ് മൂന്നിന് ശ്രീയിലും പ്രദർശിപ്പിക്കും.
നാഷനൽ ഫിലിം ആർക്കൈവ് ഡിജിറ്റൈസ് ചെയ്ത നീലക്കുയിൽ, ഭാർഗവീനിലയം എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള നീലക്കുയിലിൻറെ യഥാർഥ തിയേറ്റർ പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുക. ക്ലാസിക്കുകളുടെ വിഭാഗത്തിൽ ചെമ്മീൻ, നിർമാല്യം, കുട്ടി സ്രാങ്ക്, സ്വപ്നാടനം, പെരുവഴിയമ്പലം, രുഗ്മിണി, സ്വരൂപം തുടങ്ങിയ 22 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
സംസ്ഥാന-ദേശീയ അംഗീകാരങ്ങൾ ലഭിച്ച സിനിമകളും തിയേറ്ററുകളെ ജനസമുദ്രമാക്കിയ ഹിറ്റ് ചിത്രങ്ങളും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഒരു വടക്കൻവീര ഗാഥ, ഗോഡ് ഫാദർ, മണിച്ചിത്രത്താഴ്, വൈശാലി, നഖക്ഷതങ്ങൾ, പെരുന്തച്ചൻ, കിരീടം, 1921, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, യാത്ര, അനുഭവങ്ങൾ പാളിച്ചകൾ, ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം, മദനോത്സവം, പ്രാഞ്ചിയേട്ടൻ ആൻറ് ദ സെയിൻറ് തുടങ്ങിയ 22 സിനിമകളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സ്ത്രീപക്ഷ സിനിമകളും വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയ വിഭാഗത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച നാലു സിനിമകൾക്ക് പുറമെ ആലീസിൻറെ അന്വേഷണം, നവംബറിൻറെ നഷ്ടം, മഞ്ചാടിക്കുരു, ജന്മദിനം, ഒഴിമുറി, ഓപ്പോൾ, ഒരേകടൽ, പരിണയം തുടങ്ങിയ 22 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
കുട്ടികളുടെ വിഭാഗത്തിൽ മനു അങ്കിൾ, കേശു, നാനി, പ്യാലി, ബൊണാമി, ഒറ്റാൽ തുടങ്ങിയ 20 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഡോക്യുമെൻററി വിഭാഗത്തിൽ ശ്രീകുമാരൻ തമ്പി, എം.കൃഷ്ണൻ നായർ എന്നിവരെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിർമിച്ച ചിത്രങ്ങളും വയലാർ രാമവർമ്മ, കെ.ജി.ജോർജ്, രാമു കാര്യാട്ട്, ഒ.വി.വിജയൻ, വള്ളത്തോൾ, പ്രേംജി, മുതുകുളം രാഘവൻ പിള്ള എന്നിവരെക്കുറിച്ച് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക.
നാലു തിയേറ്ററുകളിലും ദിവസേന നാലു പ്രദർശനങ്ങൾ വീതം ഉണ്ടായിരിക്കും. തിയേറ്ററുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ ആദ്യമെത്തുന്നവർക്ക് ഇരിപ്പിടം എന്ന മുൻഗണനാക്രമം പാലിച്ചുകൊണ്ടാണ് പ്രവേശനം അനുവദിക്കുക. തിരക്കു നിയന്ത്രിക്കുന്നതിനായി സൗജന്യ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളുടെ ഉള്ളിലേക്ക് ബാഗുകൾ, ആഹാരസാധനങ്ങൾ എന്നിവ കൊണ്ടുവരാൻ അനുവദിക്കുന്നതല്ല.
കേരളീയത്തിൻറെ ഭാഗമായി മലയാള ചലച്ചിത്ര ചരിത്രവുമായി ബന്ധപ്പെട്ട് കനകക്കുന്നിൽ 'മൈൽസ്റ്റോൺസ് ആൻഡ് മാസ്റ്ററോസ്:ദ വിഷ്വൽ ലെഗസി ഓഫ് മലയാളം സിനിമ' എക്സിബിഷൻ നടക്കും. 250 ഫോട്ടോകൾ, പാട്ടുപുസ്തകങ്ങൾ, നോട്ടീസുകൾ, ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ എന്നിവയും പ്രദർശനത്തിന് ഒരുക്കും. മലയാള സിനിമയിലെ ശീർഷകരൂപകൽപ്പനയുടെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണൻറെ 'ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിലോഗ്രഫി'യുടെ ഡിജിറ്റൽ പ്രദർശനം എക്സിബിഷൻ ഏരിയയിലെ ബ്ലാക് ബോക്സിൽ സംഘടിപ്പിക്കും.