എസ്.എസ്.എൽ.സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച്‌ 3 മുതൽ

post

വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി


ഈ അധ്യയന വർഷത്തെ എസ്.എസ്.എല്‍.സി ,റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ തിങ്കളാഴ്ച ( മാര്‍ച്ച് 3) ആരംഭിക്കും . മാര്‍ച്ച് 26-നാണ് പരീക്ഷകൾ അവസാനിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്.സര്‍ക്കാര്‍ സ്കൂളുകളിൽ നിന്ന് 1,42,298 കുട്ടികളും എയിഡഡ് സ്കൂളുകളിൽ നിന്ന് 2,55,092 കുട്ടികളും അണ്‍ എയിഡഡ്സ്കൂളുകളിൽ നിന്ന് 29,631 കുട്ടികളും റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നുണ്ട്.

ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതും . മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോടാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം . കുട്ടികളുടെ എണ്ണം 2,017.ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഗവ. സംസ്കൃതം എച്ച്.എസ് ഫോര്‍ട്ട് എന്ന കേന്ദ്രത്തിലാണ് (ഒരു കുട്ടി).

റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,815 ആണ്‍കുട്ടികളും 242 പെണ്‍കുട്ടികളുമാണ്.എ.എച്ച്.എസ്.എല്‍.സി.വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത് , ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി. ഇവിടെ 65 കുട്ടികളാണ് പരീക്ഷ എഴുതാൻ എത്തുന്നത് .എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികൾ പരീക്ഷ എഴുതും . റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 12 കുട്ടികൾക്കായി 1 പരീക്ഷാ കേന്ദ്രമാണുളളത്.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതല്‍ ഏപ്രിൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടക്കും. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും (6 ദിവസം).മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുളള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്‍റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാർച്ച് 10 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുളള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിക്കും.

ഹയർ സെക്കന്ററി വിഭാഗം:

2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം 2024 ഏപ്രിൽ 1 ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024 ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്കു ശേഷമാണ് ഹയര്‍സെക്കന്‍ററി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. മാർച്ച് 29 നുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി ഇംഗ്ലീഷ് സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ പൂർത്തീകരിച്ചിട്ടുണ്ട്. സി ഇ സ്കോർ എൻട്രി സ്കൂളുകളിൽ നിന്നും ഓൺലൈനായി എന്റർ ചെയ്ത് വരുന്നു.2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിച്ച് ഫെബ്രുവരി 21ന് പൂർത്തീകരിച്ചിട്ടുണ്ട്.

2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ ഫീസ് ഒടുക്കേണ്ട തീയതി ഫൈനില്ലാതെ 2024 നവംബർ 18 വരെയും സൂപ്പർ ഫൈനോടുകൂടെ ഒടുക്കേണ്ട തീയതി നവംബർ 28 വരെയായിരുന്നത് ഡിസംബർ 31 വരെയും ആയി ദീർഘിപ്പിച്ചിരുന്നു.

2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ചുവടെ ചേർക്കുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം - 413417

ഒന്നാം വർഷ വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെ എണ്ണം - 206545

ഒന്നാം വർഷ വിദ്യാർത്ഥികളിൽ പെൺകുട്ടികളുടെ എണ്ണം - 206872

ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററിവിദ്യാർത്ഥികളുടെ എണ്ണം - 316299

രണ്ടാം വർഷ വിദ്യാർത്ഥികളുടെ എണ്ണം - 444693

ആൺകുട്ടികൾ - 217220

പെൺകുട്ടികൾ - 227573

ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികൾ പരീക്ഷ എഴുതുന്നു.

ആൺകുട്ടികൾ - 5,79,688

പെൺകുട്ടികൾ - 5,94,721

2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി 2000 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട് . 2000 പരീക്ഷ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്നുള്ള പരീക്ഷ കേന്ദ്രങ്ങൾ -1981,ഗൾഫ് പരീക്ഷ കേന്ദ്രങ്ങൾ - 8, ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങൾ - 9, മാഹി പരീക്ഷ കേന്ദ്രങ്ങൾ - 2.എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്.എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും എത്തിച്ചിട്ടുണ്ട്.ചോദ്യപേപ്പർ സുരക്ഷക്കായി എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും നൈറ്റ് വാച്ച്മാനെയും നിയമിച്ചിട്ടുണ്ട്.ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാല്വേഷൻക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്.ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി സ്കീം ഫൈനലൈസേഷൻ മാർച്ച് 14 , ഏപ്രിൽ 1 എന്നീ രണ്ടു ദിവസങ്ങളിലായി നടക്കുന്നതാണ്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിയ്ക്കുന്ന 2025 ഏപ്രിൽ 03 മുതൽ ആരംഭിക്കുന്നതാണ്. 2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം:

ഹയര്‍ സെക്കന്‍ററി (വൊക്കേഷണല്‍) വിഭാഗം സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലായി 2025 മാര്‍ച്ചില്‍ നടത്തുന്ന ഒന്നാംവര്‍ഷ റഗുലര്‍/ഇംപ്രൂവ്മെന്‍റ് പൊതുപരീക്ഷ മാര്‍ച്ച് 6 മുതല്‍ ആരംഭിച്ച് 29 മാര്‍ച്ചിന് അവസാനിക്കുന്നതും രണ്ടാംവര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 3 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കുന്നതുമാണ്. ഒന്നാംവര്‍ഷ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ 2025 ഫെബ്രുവരി 25-ാം തീയതിയോടുകൂടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംവര്‍ഷ വൊക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തിയറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം, ഉത്തരക്കടലാസുകളുടെ വിതരണം എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ട ചീഫ്, ഡപ്യൂട്ടി ചീഫ്, ഇന്‍വിജിലേറ്റേഴ്സ് എന്നിവരുടെ നിയമനവും പൂര്‍ത്തീയായിട്ടുണ്ട്.ഒന്നാംവര്‍ഷ പൊതുപരീക്ഷയ്ക്ക് റഗുലര്‍ വിഭാഗത്തില്‍ 26831 വിദ്യാര്‍ത്ഥികളും ഇംപ്രൂവ്മെന്‍റ് വിഭാഗത്തില്‍ 22740 വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റഗുലര്‍ വിഭാഗത്തില്‍ 16259 ആണ്‍കുട്ടികളും 10572 പെണ്‍കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാംവര്‍ഷ പൊതു പരീക്ഷയ്ക്കായി റഗുലര്‍ വിഭാഗത്തില്‍ 26372 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 2215 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആകെ 28587 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാംവര്‍ഷ റഗുലര്‍ വിഭാഗത്തില്‍ 15811 ആണ്‍കുട്ടികളും 10561 പെണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും നടത്തുന്നതിനുള്ള നിര്‍ദ്ദേശം മേഖലാ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കും ഇതിനോടകം നല്‍കിയിട്ടുണ്ട്.

പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു . ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.