മരാമത്ത്‌ പണികൾക്കുള്ള ഡിഎസ്‌ആർ നിരക്ക്‌ പുതുക്കി

post

ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

മരാമത്ത്‌ പ്രവർത്തികളുടെ അടങ്കൽ തയ്യാറാക്കുന്നതിന്‌ ഡെൽഹി ഷെഡ്യൂൾ പ്രകാരമുള്ള നിരക്ക്‌ (ഡിഎസ്‌ആർ) കാലികമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡിഎസ്‌ആർ - 2018 ആണ്‌ സംസ്ഥാനത്ത്‌ നിലവിലുണ്ടായിരുന്നത്‌. എന്നാൽ, കേന്ദ്ര സർക്കാർ പുതുക്കി വിജ്ഞാപനം ചെയ്‌ത ഡിഎസ്‌ആർ 2021 സ്വീകരിക്കാനാണ്‌ സർക്കാർ തീരുമാനമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക്‌ പ്രാബല്യത്തിൽ വരും. ഇതിനായി പ്രൈസ്‌ സോഫ്‌റ്റുവെയറിൽ ആവശ്യമായ ഭേദഗതി വരുത്താനും നിർദേശിച്ചു.

ഡിഎസ്‌ആർ 2018 ഈ സർക്കാരാണ്‌ 2021 ഒക്ടോബർ 15ന്‌ പ്രാബല്യത്തിൽ കൊണ്ടുവന്നത്‌. എന്നാൽ, കരാറുകാരുമായി ധനകാര്യ മന്ത്രി നടത്തിയ ചർച്ചയിൽ ഡിഎസ്‌ആർ 2021 നിലവിൽവന്നുവെന്നത്‌ ചുണ്ടിക്കാട്ടപ്പെട്ടു. ഇക്കാര്യം അനുഭാവപൂർണമായി പരിഗണിക്കാമെന്ന്‌ ധനകാര്യ മന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്‌ വകുപ്പിന്റെ നിരക്കുകൾ 2018ലെ ഡിഎസ്‌ആറിൽനിന്ന്‌ 2021ലെ ഷെഡ്യൂളിലേക്ക്‌ കലോചിതമായി പുതുക്കി നിശ്ചയിക്കുമെന്ന്‌ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.