വയനാട്ടിൽ മൂന്ന് കടുവകൾ ചത്ത സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

വയനാട്ടിൽ മൂന്ന് കടുവകൾ ചത്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നും ഇതിന് പിന്നിൽ മനഃപൂർവ്വം ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും. നോർത്തേൺ സർക്കിൾ സി.സി.എഫ് കെ.എസ്.ദീപയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കുറിച്യാട് റേഞ്ചിൽ താത്തൂർ സെക്ഷൻ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്ത് രണ്ട് കടുവകളെയും വൈത്തിരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോഡാർ എസ്റ്റേറ്റ് ബ്ലോക്ക് 11 -ൽ കാപ്പിതോട്ടത്തിൽ ഒരു കടുവക്കുഞ്ഞിനെയുമാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വരുൺ ഡാലിയ (വൈൽഡ് ലൈഫ് വാർഡൻ, വയനാട്), അജിത് കെ. രാമൻ (ഡി.എഫ്.ഒ സൗത്ത് വയനാട്), ധനേഷ് (ഡി.എഫ്.ഒ, വർക്കിംഗ് പ്ലാൻ, കോഴിക്കോട്), ജയപ്രകാശ് (ഡി.എഫ്.ഒ, ഫ്‌ളയിംഗ് സ്‌ക്വാഡ്, പാലക്കാട്), ഡോ. അരുൺ സഖറിയ (ഫോറസ്റ്റ് വെറ്റിറനറി ഓഫീസർ, വയനാട്), ഡോ. അജീഷ് (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറനറി ഓഫീസർ, വയനാട്), ഡോ. ദിനേഷ് പി.ഡി (റേഡിയോളജി ഡിപ്പാർട്‌മെന്റ്, വെറ്റിറനറി സയൻസ് കോളേജ്) എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.