കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു

post

ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി കൈത്തറി ദിനാഘോഷവും, മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. കൈത്തറി ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും നെയ്ത്തുകാർക്കുള്ള കണ്ണട വിതരണവും വ്യവസായ, കയർ, നിയമ വകപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുകയും ചെയ്തു. പരമ്പരാഗത നെയ്ത്ത്- വ്യവസായം നടത്തുന്ന സംഘങ്ങൾക്ക് നൂൽ വാങ്ങുന്നതിനുള്ള പ്രവർത്തന മുലധനമായി രണ്ടു കോടി രൂപ അനുവദിച്ചെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സ്‌കൂൾ യൂണിഫോം പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലൂടെയല്ലാതെ നേരിട്ട് കൈത്തറി ഡയറക്ടർ വഴി ഫണ്ട് അനുവദിക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ദേശീയ കൈത്തറി ദിനാചരണ വേദിയിൽ തൊഴിലാളികൾ ആവശ്യപ്പെട്ടതനുസരിച്ച് കണ്ണട അനുവദിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിക്കുകയും വേദിയിൽ മുതിർന്ന നെയ്ത്തുകാർക്ക് കണ്ണട വിതരണം നടത്തുകയും ചെയ്തു.


മികച്ച കൈത്തറി സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന തല അവാർഡുകൾ വേദിയിൽ മന്ത്രി വിതരണം ചെയ്തു. പൊതുവിഭാഗത്തിൽ തൃശൂർ ജില്ലയിലെ എരവത്തോടി WCS Ltd No. 449 നും എസ്.സി/എസ്.ടി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ കൈരളി (എസ്.സി) WI (W/S) CS Ltd No. HL IND©46 നും വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ വനിതാ HWCS Ltd. No. T 331 നും ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും തറിയുടെ മാതൃകയിലുള്ള ഫലകവും സമ്മാനിച്ചു. ജില്ലാതല കൈത്തറി അവാർഡുകൾക്ക് അർഹരായവർക്ക് 50,000 രൂപയും ഫലകവും സമ്മാനിച്ചു. സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു.