വിദേശത്തേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കും :തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

post

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേന വിദേശത്തേക്ക് നഴ്‌സുമാരടക്കമുള്ളവരുടെ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ .ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട്  ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അപ്പോളോ ഡിമോറയില്‍ നഴ്‌സുമാര്‍ക്കായി ഒഡെപെക് സംഘടിപ്പിച്ച സൗജന്യ യു.കെ. റിക്രൂട്ട്‌മെന്റിന്റെ സംസ്ഥാനതല ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം അഞ്ഞൂറോളം നഴ്‌സുമാരെയെങ്കിലും  യു.കെയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഒഡെപെക് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ക്യാമ്പയിന്‍ സംഘടിപ്പിക്കും. റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാരെയാണ്   യു.കെ ആരോഗ്യവകുപ്പിനു കീഴിലുള്ള എന്‍ എച്ച് എസ്  ട്രസ്റ്റ് ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി തയാറാക്കിയിട്ടുള്ള ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം എന്ന  പദ്ധതിയുടെ നടത്തിപ്പിനായി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി ഒഡെപെക്ക് കരാര്‍ ഒപ്പിട്ടുണ്ട്.  തൊഴില്‍മന്ത്രിയും ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല സംഘം 2019 ജൂലൈയില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ എന്‍ എച്ച് എസ്  ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് ഇതുസംബന്ധിച്ച ഉടമ്പടിയിലെത്തിയത്.

കരാര്‍ അനുസരിച്ച് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ആറുമാസം പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക്  യു.കെ.യിലെ പ്രമുഖ ആശുപത്രികളില്‍ മൂന്ന് വര്‍ഷം ജോലി ചെയ്യുന്നതിന് അവസരം ലഭിക്കും. അതോടൊപ്പം ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റും നേടാന്‍ കഴിയും. ആകര്‍ഷണീയമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കൊപ്പം പുതിയ സാങ്കേതികതയും അറിവും കരസ്ഥമാക്കുന്നതിന് പദ്ധതി സഹായിക്കും.  യു.കെയിലേക്ക്  പോകാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് മൂന്നു വര്‍ഷം ലീവ് അനുവദിക്കാന്‍ ഗവണ്‍മെന്റ്  തീരുമാനിച്ചിട്ടുണ്ട്. യു.കെ.യിലെ നഴ്‌സുമാര്‍ക്കുള്ള  എന്‍ എം സി രജിസ്‌ട്രേഷന്റെ പ്രധാനയോഗ്യതയായ ഐ ഇ എല്‍ ടി എസ്,ഒ ഇ ടി  പരീക്ഷകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യു.കെ സന്ദര്‍ശനവേളയില്‍ അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷ മാത്രമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐ ഇ എല്‍ ടി എസ്, ഒ ഇ ടി  നിശ്ചിതസ്‌കോര്‍ നേടിയ നഴ്‌സുമാര്‍ക്ക് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം പദ്ധതിയുടെ പ്രയോജനം ലഭിക്കും.  പദ്ധതിയില്‍ പങ്കെടുക്കാന്‍  താത്പര്യമുള്ള നഴ്‌സുമാര്‍ക്ക് ഐ ഇ എല്‍ ടി എസ്, ഒ ഇ ടി പരീക്ഷയില്‍ നിശ്ചിത സ്‌കോര്‍ ലഭിക്കാനുതകുന്ന പരിശീലനവും ഒഡെപെക് നല്‍കുന്നുണ്ട്. ഇതിനായി  തിരുവനന്തപുരത്തും കൊച്ചിയിലും ഡല്‍ഹിയിലും പരീശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

 കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരും അവിദഗ്ധരുമായ തൊഴിലന്വേഷകരെ സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തില്‍ നിന്നു രക്ഷിക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും ഒഡെപെക്ക് ഫലപ്രദമായി ഇടപെടുന്നുണ്ട്. പ്രധാനമായും റിക്രൂട്ട്‌മെന്റ് നടത്തിയിരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യവും സ്വദേശിവത്കരണവും കാരണം തൊഴില്‍ അവസരങ്ങളില്‍  കുറവ് വന്നത്  കണക്കിലെടുത്താണ് യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് ഒഡെപെക് ശ്രമമാരംഭിക്കുന്നത്.  ഇതിന്റെ ഫലമായാണ് യു.കെ യിലേക്കുള്ള റിക്രൂട്ട്‌മെന്റിന് വഴിയൊരുങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇടനിലക്കാരുടെയും ചൂഷണത്തിനും വ്യാജറിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പിനും ഉദ്യോഗാര്‍ഥികള്‍ ഇരകളാകുന്ന സാഹചര്യമുണ്ട്. ഇതില്‍നിന്ന് തൊഴിലന്വേഷകരെ രക്ഷിച്ച്  സുതാര്യമായ രീതിയിലൂടെ വിദേശരാജ്യങ്ങളിലേക്കുള്ള നിയമനം ഉറപ്പുവരുത്തുന്നതിന്  ഒഡെപെക്കിന് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഒഡെപെക് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വിവിധ തസ്തികകളിലേക്ക് നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്താന്‍ കുവൈത്തും ഖത്തറും അടക്കമുള്ള രാജ്യങ്ങള്‍ നേരത്തേ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിശ്വാസ്യതയും സുതാര്യതയും മലയാളികളുടെ സേവനസന്നദ്ധതയും പ്രയോജനപ്പെടുത്തി റിക്രൂട്ട്‌മെന്റ് വിപുലീകരിക്കാന്‍ ഒഡെപെക്കിന് കഴിയണം. ആരോഗ്യമേഖലയ്‌ക്കൊപ്പം മറ്റു  തൊഴില്‍മേഖലകളിലേക്കും റിക്രൂട്ട്‌മെന്റ് നടപടികള്‍ വ്യാപിപ്പിക്കും. ലോക രാജ്യങ്ങളുടെ പ്രശംസക്കര്‍ഹമായ മലയാളി നഴ്‌സുമാരുടെയും ഇതര തൊഴില്‍മേഖലകളില്‍ ഉള്ളവരുടെയും  നൈപുണ്യശേഷിയും ജോലിസന്നദ്ധതയും ചുമതലാബോധവും  വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം കാലാനുസൃതമായ തൊഴില്‍നൈപുണ്യം ഉറപ്പാക്കാനും  ഒഡെപെക്കിനു കഴിയണം. തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെടുന്ന തരത്തില്‍ നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ തൊഴിലന്വേഷകരും ശ്രദ്ധിക്കണം. യോഗ്യതയ്ക്കു പുറമെ ഭാഷാപരിജ്ഞാനവും വിദേശജോലിയുടെ അടിസ്ഥാനഘടകമാണ്. വിദ്യാഭ്യാസകാലഘട്ടത്തില്‍ തന്നെ വിദേശഭാഷാപരിജ്ഞാനം നേടാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി  ഒഡെപെക് തയ്യാറാക്കിയ  വെബ്‌പോര്‍ട്ടലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പ്രതിനിധി എഡ് റോസ്, ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ മാനേജര്‍ വെയ്ന്‍ ബെന്റലൂ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.യുകെയിലെ വിവിധ എന്‍എച്ച്എസ് ആശുപത്രികളിലായി നഴ്‌സുമാരുടെ 45000ത്തോളം ഒഴിവുകള്‍ നിലവിലുണ്ടെന്ന് എഡ് റോസ് പറഞ്ഞു.റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തില്‍ നിന്നും യുകെയില്‍ എത്തുന്ന നഴ്‌സുമാര്‍ക്ക് യുകെ ഗവണ്‍മെന്റ് ഫാമിലി വീസ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒഡെപെക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍, നഴ്‌സിംഗ് എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍.ലത, കേരളാ നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് രജിസ്ട്രാര്‍ ഡോ.സലീനാ ഷാ,  പ്രസന്നകുമാരി, ഒഡെപെക് എംഡി അനൂപ് കെ.എ എന്നിവര്‍ പ്രസംഗിച്ചു.