ലോക്‌സഭ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

post

പതിനെട്ടാമത് ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കങ്ങൾ കോട്ടയം ജില്ലയിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ വി. വിഗ്‌നേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മാർച്ച് 28ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലുവരെ നാമനിർദ്ദേശപത്രിക നൽകാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാ പെരുമാറ്റച്ചട്ടത്തിന് ജൂൺ ആറുവരെ പ്രാബല്യമുണ്ട്. രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരുമടക്കം മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

1564 പോളിങ് സ്റ്റേഷനുകൾ

കോട്ടയം ജില്ലയിൽ മൊത്തം 1564 പോളിങ് സ്റ്റേഷനുകളാണുള്ളത്. 1371 എണ്ണം ഗ്രാമീണമേഖലയിലും 193 എണ്ണം നഗരമേഖലയിലുമാണുള്ളത്. പാലാ -176, കടുത്തുരുത്തി-179, വൈക്കം-159, ഏറ്റുമാനൂർ-165, കോട്ടയം-171, പുതുപ്പള്ളി-182, ചങ്ങനാശേരി-172, കാഞ്ഞിരപ്പള്ളി-181, പൂഞ്ഞാർ-179 എന്നിങ്ങനെയാണ് നിയമസഭ മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം.

പോളിങ്ങിനായി 6256 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. 360 വനിത പോളിങ് ഉദ്യോഗസ്ഥരുണ്ടാകും. 1248 പേരെ കരുതൽ പോളിങ് ഉദ്യോഗസ്ഥരായി നിയോഗിക്കും. പോളിങിനായി 1956 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റുമാണ് ആവശ്യമുള്ളത്. 2850 ബാലറ്റ് യൂണിറ്റുകളും 3295 കൺട്രോൾ യൂണിറ്റുകളും 2829 വിവി പാറ്റുകളും സജ്ജമാണ്.

നിലവിൽ വോട്ടർമാർ 15.69 ലക്ഷം

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. പുതിയ വോട്ടർമാർ 26715 പേർ. 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് 2328 പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ പുതിയ അപേക്ഷകൾ പരിഗണിച്ച് പുതുക്കിയ വോട്ടർപട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

പരാതികൾ നൽകാൻ സീ വിജിൽ ആപ്പ്

പരാതികൾ/സംശയങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0481-2995029 എന്ന നമ്പരിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്. സീ വിജിൽ ആപ്പിലൂടെ ഓൺലൈനായും പരാതികൾ നൽകാം. 28 പരാതികൾ ഇതിനോടകം ലഭിച്ചു. 100 മിനിട്ടിനുള്ളിൽ തുടർ നടപടി സ്വീകരിക്കും.