എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

post

എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിച്ചാൽ കനാലിൽ ആയിരം വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ചെട്ടിച്ചാലിലെ രണ്ട് ഹെക്ടർ വരുന്ന ജലാശയമാണ് മൽസ്യകൃഷിയ്ക്കായി തിരഞ്ഞെടുത്തത്.

നവോദയ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാമിംഗ് ക്ലബ്ബാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. പ്രധാന ജലസ്രോതസ്സിനോട് ചേർന്ന് കിടക്കുന്ന ചെറിയ ചാനലുകൾ, ജലസേചന കനാലുകൾ എന്നിവ വൃത്തിയാക്കി പരിസ്ഥിതി സൗഹൃദ രീതിയിൽ ജനപങ്കാളിത്തത്തോടെ താൽക്കാലിക തടയണകൾ കെട്ടി മത്സ്യകൃഷിക്ക് പര്യാപ്തമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് എംബാങ്ക്മെന്റ് പദ്ധതിയിലൂടെ ചെയ്യുന്നത്.

ഫിഷറീസ് വകുപ്പ് ഈ വർഷം ആരംഭിച്ച നൂതന മത്സ്യകൃഷി രീതിയാണ് എംബാങ്ക്മെന്റ്. ഹെക്ടറിന് 10000 മത്സ്യ വിത്തുകൾ എന്ന രീതിയിലാണ് മത്സ്യവിത്ത് നിക്ഷേപം നടത്തുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ തികച്ചും സൗജന്യമായാണ് ഫിഷറീസ് വകുപ്പ് നൽകുന്നത്. കൂടാതെ പദ്ധതി ചെലവിന്റെ 60% സബ്‌സിഡിയായും നൽകും.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.എം. ശോഭിക, കെ. ദീപേഷ്, ഗ്രാമപഞ്ചായത്ത് അംഗവും നവോദയ ഫിഷ് ഫാമിംഗ് ക്ലബ്ബിന്റെ കൺവീനറുമായ രേവതി മനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ പുഷ്‌കരൻ, ദീപ മോൾ, മിനി മന്നക്കപ്പറമ്പിൽ, രാധാമണി, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ആർ. രമേഷ് ശശിധരൻ, ഫിഷറീസ് ഉദ്യോഗസ്ഥരായ പ്രിയ മോൾ, രശ്മി പി. രാജൻ, അഞ്ജലി ദേവി, ശ്യാമാധരൻ, പൊന്നമ്മ പോൾ, ഉദയനാപുരം അക്വാ കൾചർ കോ - ഓർഡിനേറ്റർ എം. ബീനാമോൾ, അക്വാ കൾചർ പ്രൊമോട്ടർ സുധ ഷാജി, പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാമിംഗ് ക്ലബ് ചെയർമാൻ വിജിത്ത് ശശിധരൻ, ക്ലബ് രക്ഷാധികാരികളായ കെ.ജി. രാജു, ടി.ടി. സെബാസ്റ്റ്യൻ നവോദയ പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി കെ.ജി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.