നവകേരള സദസ്: കോട്ടയത്ത് വിവിധയിടങ്ങളിൽ ഗതാഗത ക്രമീകരണം

കോട്ടയം നിയോജകമണ്ഡലത്തിലെ പാര്‍ക്കിംഗ് ക്രമീകരണം
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കായി ഡിസംബര്‍ 13 ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വാഹന പാര്‍ക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. എം.സി. റോഡുവഴി ചങ്ങനാശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുളിമൂട് ജംഗ്ഷന് സമീപം ആളെയിറക്കി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വഴി വന്ന് കോടിമത എം. എല്‍. റോഡില്‍ പാര്‍ക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ എം. സി. റോഡില്‍ കോടിമത പാലത്തിന് തെക്കുവശം പാര്‍ക്ക് ചെയ്യണം.
കെ.കെ റോഡുവഴി വരുന്ന എല്ലാ വാഹനങ്ങളും കേരളാ ബാങ്കിന് സമീപം ആളെ ഇറക്കി ഈരയില്‍കടവ് ബൈപ്പാസ് പാലം കടന്ന് പാര്‍ക്ക് ചെയ്യണം. എം.സി. റോഡുവഴി ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ശാസ്ത്രി റോഡ് ബസ് സ്റ്റോപ്പ് ഭാഗത്തെത്തി ആളെ ഇറക്കണം. വലിയ വാഹനങ്ങള്‍ മംഗളം പത്രത്തിന്റെ എതിര്‍വശം വട്ടമൂട് പാലം കഴിഞ്ഞ് പാര്‍ക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ ശാസ്ത്രി റോഡിന്റെ വലതുവശം ഒരു സൈഡിലായി പാര്‍ക്ക് ചെയ്യണം. കുമരകം റോഡുവഴി വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനില്‍ എത്തി ആളെ ഇറക്കി തിരികെ സി.എം.എസ്. കോളേജ് റോഡിലും ചാലുകുന്ന് കഴിഞ്ഞുള്ള കുമരകം റോഡിലും പാര്‍ക്ക് ചെയ്യണം. തിരുവാതുക്കല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാലാമ്പടം ഭാഗത്ത് കൂടി പാലസ്് റോഡ് വഴി വന്ന് പടിഞ്ഞാട്ട് തിരിഞ്ഞ് ക്ഷേത്ര മൈതാനത്തിനു തെക്കുവശം റോഡിന്റെ തെക്കുഭാഗത്ത് ഭാഗത്തെത്തി ആളെ ഇറക്കി പുത്തനങ്ങാടി ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
നവകേരളസദസിലെ പ്രഭാതയോഗത്തിനായി ജെറുസലേം പള്ളി ഹാളിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. വി.ഐ.പി. വാഹനങ്ങള്‍ മാമന്‍ മാപ്പിള ഹാളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. മറ്റ് വാഹനങ്ങള്‍ ജനറല്‍ ആശുപത്രിയുടെ പടിഞ്ഞാറുവശം, കത്തീഡ്രല്‍ പള്ളി, ബി.സി.എം കോളേജ്, ബസേലിയസ് കോളേജിന് മുന്‍വശം, ബസേലിയസ് കോളേജിന് സമീപമുള്ള മാര്‍ ഏലിയ കത്തീഡ്രല്‍, എം.ഡി. സെമിനാരി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.
ഏറ്റുമാനൂരിലെ ഗതാഗത ക്രമീകരണങ്ങള്‍
നവകേരള സദസിന്റെ ഭാഗമായി ഡിസംബര്‍ 13 ന് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. അതിരമ്പുഴ, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിരമ്പുഴ- ഏറ്റുമാനൂര്‍ റോഡില്‍ പാലക്കുന്നേല്‍ റെസിഡന്‍സിക്ക് സമീപം ആളെ ഇറക്കിയ ശേഷം തവളക്കുഴി വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.
തിരുവാര്‍പ്പ്, കുമരകം സൗത്ത്, അയ്മനം പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എം.സി. റോഡില്‍ പാലക്കുന്നേല്‍ റെസിഡന്‍സിക്ക് സമീപം ആളെ ഇറക്കിയ ശേഷം പട്ടിത്താനം വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മാരിയമ്മന്‍ കോവില്‍ ഭാഗത്ത് ആളെ ഇറക്കിയ ശേഷം പട്ടിത്താനം വഴി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.
പേരൂര്‍, കറ്റോട്, പുന്നത്തുറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോണിക്കല്‍ ഭാഗത്തു ആളെ ഇറക്കിയ ശേഷം ബൈപ്പാസിലേക്ക് തിരിഞ്ഞ് പോകാം. അയര്‍ക്കുന്നം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോണിക്കല്‍ ഭാഗത്തു ആളെ ഇറക്കിയ ശേഷം ബൈപ്പാസിലേക്ക് തിരിഞ്ഞ് പോകാവുന്ന രീതിയിലാണ് ഗതാഗതം ക്രമീകരണം.
പാലാ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അയര്‍ക്കുന്നം വഴിയോ ഏറ്റുമാനൂര്‍ ബൈപ്പാസില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കെ.എന്‍.ബി ഓഡിറ്റോറിയം ജംഗ്ഷന്‍ വഴി തിരിഞ്ഞോ 101 കവല ഭാഗത്തേക്ക് എത്തിച്ചേര്‍ന്ന് എം .സി റോഡില്‍ പ്രവേശിക്കണം.
പാലാ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പട്ടിത്താനം ഭാഗത്തേക്ക് പോകണം.
കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംക്രാന്തി ജംഗഷനില്‍ നിന്നും പൂവ്വത്തുംമൂട് ഭാഗത്ത് എത്തിച്ചേര്‍ന്നു ബൈപ്പാസിലാണ് പ്രവേശിക്കേണ്ടത്.
കോട്ടയം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംക്രാന്തി ജംഗഷനില്‍ നിന്നും പൂവ്വത്തുംമൂട് ഭാഗത്ത് എത്തിച്ചേര്‍ന്ന് ബൈപ്പാസില്‍ പ്രവേശിച്ച് പട്ടിത്താനം വഴി പോകണം.
പുതുപ്പള്ളിയിലെ ഗതാഗത ക്രമീകരണങ്ങള്‍
നവകേരള സദസിന്റെ ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 13 ന് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. മണര്‍കാട്, കോട്ടയം, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്നവര്‍ ചേന്നംപളളിയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഓര്‍വയല്‍, കുറ്റിക്കല്‍ ഇലക്കൊടിഞ്ഞി പൊത്തന്‍പുറം മഞ്ഞാടി പറുതലമറ്റം വഴി എട്ടാം മൈലില്‍ എന്‍. എച്ച്. 183 റോഡിലെത്തണം. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് പോകുന്നവര്‍ വട്ടമലപ്പടി എസ.്ബി.ഐ. ബ്രാഞ്ചിന്റെ മുന്‍പില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പങ്ങട പളളി, ആനിവേലിപ്പടി, റബ്ബര്‍ ബോര്‍ഡ് ജംഗ്ഷന്‍ ചെന്നാമറ്റം പാനാപ്പള്ളി വട്ടുകളം, കോത്തല 12-ാം മൈലില്‍ എന്‍. എച്ച്. 183 റോഡിലെത്തണം.
പാര്‍ക്കിംഗ് ക്രമീകരണം ഇങ്ങനെ
വാകത്താനം, പുതുപ്പള്ളി, കൂരോപ്പട ഗ്രാമപഞ്ചായത്തുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ആര്‍. ഐ.ടി എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും അയര്‍ക്കുന്നം, അകലക്കുന്നം, മണര്‍കാട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ ക്രോസ്‌റോഡ് സ്‌കൂളിലും പാമ്പാടി, മീനടം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ പാമ്പാടി വലിയപള്ളിയിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്. വി.ഐ.പി. വാഹനങ്ങള്‍ എം.ജി.എം ഹൈസ്‌കൂളിലും ഔദ്യോഗികവാഹനങ്ങള്‍ വിമലാംബിക സ്‌കൂളിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.