ഇന്ത്യയില്‍ ആദ്യമായി ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സ്കൂബ ഡൈവിങിന് അവസരമൊരുങ്ങുന്നു

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ സ്കൂബ ഡൈവിങിന് അവസരം ഒരുക്കുന്നു. എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രാരംഭ പരിശീലനത്തിനു ശേഷം തമ്മനം ഒളിമ്പ്യസ് ഐറീന പൂളില്‍ സ്കൂബ ഡൈവിങിന് അവസരം നല്‍കും. അക്വാലിയോ പാഡി ഡൈവ് സെന്റര്‍, സഹൃദയ വെല്‍ഫയര്‍ സര്‍വീസ്, അരൂര്‍ റോട്ടറി ക്ലബ് എന്നിവരുടെ സഹകരണത്തോടെ ഡിസംബര്‍ 3 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 12 മുതല്‍ 50 വയസു വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്കൂബ ഡൈവിങിനു രാജ്യത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി അവസരം നല്‍കുന്നത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ക്യാമറ ഉള്‍പ്പെടെ 15 ലക്ഷം രൂപ വിലവരുന്ന വിദേശ നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശീലനം. വെള്ളത്തിനടിയിലെ ട്രെയിനിങ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കു കാണുവാന്‍ ലൈവ് പ്രൊജക്ടര്‍ ഡിസ്പ്ലേ സംവിധാനവും ഉണ്ടായിരിക്കും.
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ ആദ്യമായി ഡിസേബിള്‍ഡ് അഡ്വഞ്ചര്‍ ക്ലബ്ബ് രൂപീകരിക്കും. കൂടാതെ എറണാകുളം ഡി ടി പി സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂറിസം കേന്ദ്രങ്ങളിലും അന്നേ ദിവസം ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പ്രവേശനം നല്‍കും.
ലോക ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി രാജ്യങ്ങള്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത്. "ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും അവരുടെ വിമോചനം സാധ്യമാക്കാനുമായി ഒരുമിക്കാം" എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.