ശ്രദ്ധിക്കൂ കൊറോണയെ

post

കൊറോണ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയില്‍നിന്നും തിരിച്ചത്തിയവര്‍ 28 ദിവസം ഉറപ്പായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് പൊതുജനാരോഗ്യ അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി അറിയിച്ചു. രോഗത്തില്‍ ആശങ്കപ്പടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഇല്ലെങ്കിലും കൊറോണ വൈറസിന്റ അപകടസാധ്യതകളെക്കുറിച്ച് മനസ്സിലാക്കി ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും അവര്‍ പറഞ്ഞു.

ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പട്ട കൊറോണ വൈറസ് ജലദോഷത്തോടെ അനുഭവപ്പട്ടുതുടങ്ങുന്ന പനിയോടെയാണ് ആരംഭമെങ്കിലും  പ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെങ്കില്‍  അല്‍പം ഗുരുതരമാകാനും സാധ്യതയുണ്ട്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടതിനുശേഷം മാത്രം ആശുപത്രിയില്‍ ചികിത്സ തേടുക.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ,ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്കുള്ള ചികിത്സ ലഭ്യമാണ്.

നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളും അല്ലാത്തവരും കൊറോണ വൈറസിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുകയും ആ വിവരങ്ങള്‍ അനുസരിച്ച് സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പട്ടാല്‍  ജില്ലയില്‍ കൊറോണ ചികിത്സിക്കാന്‍ വേണ്ടി സജ്ജീകരിച്ചിട്ടുള്ള സെന്ററുമായി ബന്ധപ്പെടണമെന്നും അതിനുശേഷംമാത്രം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ഇന്ദു അറിയിച്ചു.

കൊറോണ: സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ചൈനയില്‍നിന്നും തിരിച്ചത്തിയവര്‍ 28 ദിവസം (ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീയഡ്) വായു സഞ്ചാരമുള്ള മുറിയില്‍

ഹോം ക്വാറന്റൈനില്‍ കഴിയുക.

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട്ടിലെ മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള  സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കുക. 

ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ടതിനുശേഷംമാത്രം ആശുപത്രിയില്‍ ചികിത്സ തേടുക.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.

കൈ സോപ്പിട്ടു കഴുകുക.

അസുഖമുള്ളവരുമായിട്ടുള്ള ഇടപഴകല്‍ ഒഴിവാക്കുക.

അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക.

പൊതുഗതാഗതമാര്‍ഗ്ഗമുള്ള യാത്ര ഒഴിവാക്കുക.

ആരോഗ്യപ്രവര്‍ത്തകര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.