പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് തുറന്നു

കോട്ടയം ജില്ലയിലെ പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി ചേർന്ന് ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിൽ യുവതയ്ക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കാനായി 14.68 കോടി രൂപ ചെലവിലാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സജ്ജമാക്കിയത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നൈപുണ്യവികസനമാണെന്നും അതു നികത്തുന്നതിന് സമർത്ഥമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അസാപിലൂടെ സ്ഥാപിച്ച 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ വിദ്യാർഥികൾക്ക് ഗുണകരമായിട്ടുണ്ട്. ഏറ്റവും ആധുനിക സൗകര്യങ്ങൾ ഒരുക്കി നാഷണൽ കൗൺസിൽ ഫോൽ വൊക്കേഷണൽ എഡ്യൂക്കേഷൻ ട്രെയിനിംഗിന്റെ(എൻ.സി.വി.ഇ.ടി)അംഗീകാരത്തോടുകൂടിയാണ് അസാപ്പിന്റെ പ്രവർത്തനം. തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തേക്കെത്തുന്നതിൽ അസാപ് വഹിച്ച പങ്കു ചെറുതല്ലെന്നും മന്ത്രി പറഞ്ഞു. എ.ആർ/ വി.ആർ സാങ്കേതികവിദ്യ ഉൾപ്പെട 140 നൈപുണ്യവികസന കോഴ്സുകളാണ് അസാപ് നടത്തുന്നത്.
കാലഘട്ടത്തിനാവശ്യമായതും പ്രായോഗിക ജീവിതത്തിൽ ഉപകാരപ്പെടുന്നതുമായ കോഴ്സുകളെല്ലാം അസാപിലുണ്ട്. ഒരു ബയോഡേറ്റ തയാറാക്കുന്നതെങ്ങനെ, ഒരു അഭിമുഖത്തിൽ പങ്കെടുക്കേണ്ടതെങ്ങനെ തുടങ്ങിയ അടിസ്ഥാനപരമായ വിവരങ്ങളടക്കം അസാപ് നൽകുമെന്നും മന്ത്രി പറഞ്ഞു. 28,193.13 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില മന്ദിരം അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ യുവത തൊഴിൽ അന്വേഷകരായി മാറാനല്ല തൊഴിൽദായകരായി മാറാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനായി നൈപുണ്യപരിശീലന നിലവാരം ഉയർത്തി സർഗവാസനങ്ങൾകൂടി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാഴികാടൻ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.എസ്.ഐ.ടി.ഐ.എൽ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു എന്നിവർ വിശിഷ്ടാതിഥികളായി. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജില്ലാ പഞ്ചായത്തംഗം രാധ വി. നായർ, മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, അസാപ് കേരള മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ്, സൗത്ത് സോൺ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്സ് അസോസിയേറ്റ് ഡയറക്ടർ രശ്മി ആൻ തോമസ്, പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാർ, പഞ്ചായത്തംഗം സെബാസ്റ്റ്യൻ ജോസഫ്, ബൈഫ ആയുർവേദ സി.ഇ.ഒ ആൻഡ് മാനേജിംഗ് ഡയറക്ടർ അജയ് ജോർജ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.