അർജന്റീനയുമായി സൗഹൃദ മത്സരത്തിന് കേരളം തയ്യാറെന്ന് മന്ത്രി അബ്ദുറഹ്മാൻ

post

അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നും സൗഹൃദ ഫുട്ബാൾ മത്സരം ഏറ്റെടുത്ത് നടത്താൻ തയ്യാറെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാൻ. ഇത് നമ്മുടെ ഫുട്ബോളിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാകുമെന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

മൂന്ന് മാസം മുമ്പ് അർജന്റിന ഇന്ത്യയിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച വാർത്ത അടുത്തിടെ പുറത്തുവന്നത്. എന്നാൽ, മത്സരത്തിനുള്ള ചെലവ് കണക്കിലെടുത്ത് അക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിരാകരിച്ചതായാണ് വാർത്തകൾ.


ആവേശത്തോടെ കൂടെ നിന്ന ആരാധകർക്ക് ലോകകിരീട നേട്ടത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ അവർ പരാമർശിച്ച ചുരുക്കം പേരുകളിൽ ഒന്നാകാൻ നമ്മുടെ കേരളത്തിനും കഴിഞ്ഞു. വിവിധ രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തെ പരാമർശിച്ചതെന്നതും എടുത്തു പറയണം. ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഓരോ മലയാളിയുടെയും അഭിമാനം വാനോളമുയർന്ന സന്ദർഭമാണത്. 


ഈ നന്ദി പ്രകാശനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കേരളത്തിലെ ഗവൺമെന്റ് അവസരോചിതമായി പ്രതികരിച്ചതായി മന്ത്രി ഓർമിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അമ്പാസഡറെ സന്ദർശിച്ചു. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിനായി അർജന്റിനയുമായി സഹകരിക്കുന്നതിനുള്ള താൽപ്പര്യം അറിയിച്ചു. കായികമന്ത്രി എന്ന നിലയിൽ അർജന്റിന ഫുട്ബോൾ ടീമിനെയും അവരുടെ ഫുട്ബോൾ അസോസിയേഷനെയും അഭിനന്ദിച്ച് കത്തയച്ചു. മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ലോകജേതാക്കൾ വരാൻ തയ്യാറായാൽ അത് നമ്മുടെ ഫുട്ബോൾ വളർച്ചയ്ക്ക് നൽകാവുന്ന പ്രോത്സാഹനവും പ്രചോദനവുമായിരുന്നു ഈ ക്ഷണത്തിനു പ്രേരിപ്പിച്ചത്. അർജന്റീന അമ്പാസഡറെ നേരിട്ട് ബന്ധപ്പെടുകയും ഫുട്ബോൾ സഹകരണത്തിനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്ത കാര്യം കുറിപ്പിൽ മന്ത്രി ഓർമിച്ചു.


തങ്ങൾക്ക് ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നൽകുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം. ഇന്ത്യൻ ഫുട്ബോളിന് അതു പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവർണാവസരമാണ് നഷ്ടമായതെന്ന് മന്ത്രി പറഞ്ഞു. 


2011 ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. അർജന്റീന - വെനസ്വേല മത്സരം കാണാൻ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എൺപത്തയ്യായിരം പേരാണ് എത്തിയത്. ഇത്തവണ കളിച്ചിരുന്നെങ്കിൽ കാണികൾ അതിൽ കൂടുമെന്നുറപ്പായിരുന്നു. ഇത്തരത്തിൽ ഒരു മത്സരത്തിന് മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം നമ്മുടെ കളിക്കാർക്കും വളർന്നു വരുന്ന താരങ്ങൾക്കും അതൊരു ആവേശാനുഭവമായേനെ. വലിയ ടീമുകളുമായി കളിക്കുന്നത് ഇന്ത്യൻ താരങ്ങളുടെ നിലവാരമുയർത്തും. ഫുട്ബോളിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരാനും കൂടുതൽ മേഖലകളിലേക്ക് കളി പ്രചരിക്കാനും ഇതു വഴിയൊരുക്കുമായിരുന്നെന്ന് മന്ത്രി പ്രത്യാശിച്ചു.

ഈ സാഹചര്യത്തിലാണ് അർജന്റീനയുമായി സൗഹൃദ മത്സരത്തിന് കേരളം തയാറെന്ന് മന്ത്രി സന്നദ്ധത അറിയിച്ചത്.