ബാങ്ക് ഇടപാടുകള്‍ : പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

post

തിരുവനന്തപുരം : ഉപഭോക്താക്കള്‍ എ ടി എം, ഇന്റര്‍നെറ്റ്  ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ബിഎച്ച്ഐഎം, യുപിഐ, മറ്റ് മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയവ പരമാവധി ഉപയോഗപ്പെടുത്തുക. പണം അടയ്ക്കല്‍/പിന്‍വലിക്കല്‍, ക്ലിയറിങ്, നെഫ്റ്റ്/ആര്‍ടിജിഎസ് തുടങ്ങിയ ചുരുങ്ങിയ ഇടപാടുകള്‍ മാത്രമാണ് ബാങ്കുകളില്‍ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്.  ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് രണ്ട് മണി വരെ മാത്രമായി നിജപ്പെടുത്തി.പാസ്ബുക്ക് പ്രിന്റിങ്, ബാലന്‍സ് പരിശോധന, അക്കൗണ്ട് ഓപ്പണിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബാങ്കുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.  കൂട്ടമായി ബാങ്കില്‍ എത്തരുത്.  അത്യാവശ്യക്കാര്‍ മാത്രം അകത്ത് പ്രവേശിക്കുക.

ഒരേ സമയം അഞ്ച്/ആറില്‍ അധികം ഇടപാടുകാര്‍ ബാങ്കിനുള്ളില്‍ നില്‍ക്കാതിരിക്കാനും പരസ്പരവും ബാങ്ക് ജീവനക്കാരുമായും നിശ്ചിത അകലം പാലിക്കുവാനും ശ്രദ്ധിക്കണം.  എല്ലാവരും ഇടപാടുകള്‍ വേഗം പൂര്‍ത്തീകരിച്ച് മടങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്.ചുവരുകള്‍, മേശ, കൗണ്ടര്‍ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.

നിരീക്ഷണത്തിലുള്ളവരും, ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കരുത്.ബാങ്കില്‍ കയറുമ്പോഴും ഇടപാടുകള്‍ക്ക് ശേഷവും ബാങ്കില്‍ ലഭ്യമാക്കിയിട്ടുള്ള സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് നന്നായി കൈകള്‍ വൃത്തിയാക്കുക.  ഇക്കാര്യത്തില്‍ ബാങ്ക് ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.  

പെന്‍ഷന്‍, തൊഴിലുറപ്പ് വേതനം, സബ്സിഡി തുടങ്ങിയവ ലഭിച്ചതറിയാന്‍ എസ് എം എസ് സൗകര്യം പ്രയോജനപ്പെടുത്തുകയോ ബാങ്കിലേക്ക് വിളിച്ച് ചോദിക്കുകയോ ചെയ്യുക.വിദേശത്തു നിന്ന് വന്നവര്‍ ബാങ്കിലേക്ക് വരുമ്പോള്‍ പാസ്പോര്‍ട്ട് കാണിക്കേണ്ടതാണ്.  ഐസൊലേഷന്‍ കാലാവധിയില്‍ ബാങ്കില്‍ പോകരുത്.  ബാങ്കുകളുടെ തടസ്സമില്ലാത്ത സേവനങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹായവും സഹകരണവും അനിവാര്യമാണ്.