കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു

post

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിൽ സർക്കാർ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. കിടങ്ങൂര്‍ സർക്കാർ എല്‍.പി.ബി.എസ്, ചെമ്പിളാവ് സർക്കാർ യു.പി.എസ്, കിടങ്ങൂര്‍ എല്‍.പി.ജി.എസ്, പിറയാര്‍ സർക്കാർ എല്‍.പി.എസ് എന്നീ സ്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എല്ലാ ദിവസവും പ്രഭാതഭക്ഷണം കൊടുക്കുന്ന പദ്ധതിയ്ക്കായി പഞ്ചായത്ത് 9.61 ലക്ഷം രൂപയാണ് ചെലവഴിക്കുക.

പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂര്‍ എല്‍.പി.ബി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹേമ രാജു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, പഞ്ചായത്തംഗങ്ങളായ പി.ജി.സുരേഷ്, റ്റീനാ മാളിയേക്കല്‍, പിറയാര്‍ സ്കൂള്‍ പ്രധാനധ്യാപിക എസ്. ശ്രീകല എന്നിവർ പങ്കെടുത്തു.