14പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105

post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് രോഗം ബാധിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയുമുണ്ട്. ആകെ 72,460 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 71,994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4,516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,331 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

രാജ്യമാകെ ലോക്ക്ഡൗണിലേക്ക് പോയിട്ടുണ്ട്. ഇത്തരമൊരു അവസ്ഥ നമ്മുടെ നാട്ടില്‍ ആദ്യമാണ്. അതിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലിനാണ് നാം തയ്യാറാകേണ്ടത്. എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കും. ടാക്സികളും ഓട്ടോറിക്ഷകളും അടിയന്തര വൈദ്യസഹായത്തിനും അവശ്യ സാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളു. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ ഒരു മുതിര്‍ന്ന ആള്‍ക്കു കൂടി മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരിക്കുകയുള്ളൂ.

ആഘോഷങ്ങള്‍ക്കോ മതപരമോ സാമൂഹികമായോ ആയ ഒത്തുചേരലുകള്‍ക്ക് ഉള്‍പ്പെടെ അഞ്ചിലധികം പേര്‍ പൊതുസ്ഥലത്ത് ഒത്തുചേരുന്നത് നിരോധിച്ചിരിക്കുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, ബ്രഡ്, പച്ചക്കറി, മുട്ട, ഇറച്ചി, മീന്‍, കോഴി-കന്നുകാലി തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍/ബേക്കറികള്‍ എന്നിവ എല്ലാ ദിവസവും 7 മണി മുതല്‍ 5 മണി വരെ തുറന്നുപ്രവര്‍ത്തിക്കും. കാസര്‍കോട് ജില്ലയില്‍ നേരത്തേ തീരുമാനിച്ചതുപോലെ തുടരും. കടകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് തുറക്കുന്നത്. കടകളിലെത്തി കൃത്യമായ സുരക്ഷാക്രമീകരണത്തോടെ സാധനങ്ങള്‍ വാങ്ങി അപ്പോള്‍ തന്നെ തിരിച്ചുപോകണം. തങ്ങിനില്‍ക്കാന്‍ പാടില്ല. കടകളില്‍ കൈകഴുകാനുള്ള സൗകര്യം ഒരുക്കണം. ഒപ്പം നിശ്ചിത അകലം പാലിക്കണം.

സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ അധികമായി പുറത്തിറങ്ങുന്ന പ്രവണത ഇന്ന് കണ്ടിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങാനാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. അതിനെ ആരും അവസരമായി കാണരുത്. സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരല്‍നിന്ന് എന്തിനാണ് യാത്ര,  എപ്പോള്‍ തിരിച്ചെത്തും, ഏതു വാഹനം എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് പൊലീസിന് നല്‍കണം. അതില്‍ പറയുന്ന കാര്യത്തിനില്ല യാത്ര എങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകും. നാട്ടിന്‍ പുറങ്ങളിലെ കവലകളിലും ക്ലബുകളിലും ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല.

സാധനങ്ങള്‍ വില കൂട്ടി വില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. ചില കേന്ദ്രങ്ങളില്‍ അത്തരം പ്രവണത വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ക്ക് ഒറ്റയടിക്ക് ചിലര്‍ വില വര്‍ധിപ്പിച്ചു. അത് നിയമവിരുദ്ധമാണ്. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ദാക്ഷണ്യവുമില്ലാതെ നടപടി സ്വീകരിക്കും. പൊലീസ് നടപടി സംസ്ഥാനത്താകെ ഇനിയും ശക്തമാക്കും. കാസര്‍കോട് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഉണ്ട്. 

അവശ്യ സര്‍വീസുകളുടെ ഭാഗമായി ജോലിക്കെത്തേണ്ടവര്‍ക്ക് പാസ് സൗകര്യം ഏര്‍പ്പെടുത്താന്‍ പൊലീസ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ ഐഡി ഉപയോഗിക്കാം. അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും അതത് സ്ഥാപനങ്ങളുടെ ഐഡി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കടകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഈ പാസ് പ്രയോജനപ്പെടുത്താം. ഡ്യൂട്ടി കഴിഞ്ഞ് രാത്രികാലങ്ങളില്‍ വീട്ടിലേക്കു പോകുന്ന മാധ്യമ പ്രവര്‍ത്തകരെയും പത്ര ജീവനക്കാരെയും തടയരുത് എന്ന് പൊലീസ് നിര്‍ദേശം നല്‍കും. കൊറിയര്‍ സര്‍വീസസ് നിലക്കുന്നു എന്ന അവസ്ഥ സംജാതമാകുന്നുണ്ട്. മരുന്നുകളും മറ്റും ദൂരെ സ്ഥലങ്ങളിലേക്ക് എത്തിക്കാനുളള സാഹചര്യം നിലക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. അക്കാര്യം പ്രത്യേകം പരിശോധിക്കും.

ക്വാറന്റൈന്‍ എന്നതിന് വീട്ടില്‍ കഴിയുക എന്ന അര്‍ത്ഥം മാത്രമല്ല.  ആ വീട്ടില്‍ ഒരു മുറിയില്‍ കഴിയണം. ആ മുറി ബാത്ത് അറ്റാച്ച്ഡ് മുറി ആയിരിക്കണം. സ്ഥിരമായി ഭക്ഷണം കൊടുക്കാന്‍ ഒരാളെ നിശ്ചയിക്കണം. പാത്രങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കണം. എല്ലാ കരുതലുകളും അവിടെയെടുക്കണം. മാത്രമല്ല, എല്ലാ ദിവസവും ഹെല്‍ത്ത് വളണ്ടിയര്‍ അവിടെ പോകും. നിരീക്ഷണത്തില്‍ ഉള്ള ആള്‍ കഴിയുന്നിടത്ത് മാസ്ക്, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ വേണ്ടത്ര ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം സൗകര്യങ്ങള്‍ ആ വീട്ടിലില്ലെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ഐസലേഷന്‍ അല്ല നടക്കുക. അങ്ങനെ വന്നാല്‍ അവരെ പൊതുവായ ഐസലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റേണ്ടിവരും.

എംഎല്‍എമാര്‍ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരെ ഫോണില്‍ വിളിച്ച് പഞ്ചായത്തില്‍ നടക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യണം. വാര്‍ഡ് തലത്തില്‍ ദൈനംദിന ബന്ധമുണ്ടാകണം. ഓരോ പ്രദേശത്തും വിവിധ തരത്തില്‍ വിഷമം അനുഭവിക്കുന്ന ആളുകള്‍ ഉണ്ടാകും. പുറത്ത് ജോലിക്ക് പോകാന്‍ കഴിയാത്ത കുടുംബങ്ങളെ പ്രത്യേകമായി സഹായിക്കാനാകണം. ഒരു വാര്‍ഡില്‍ അത്തരത്തിലുള്ള എത്ര കുടുംബങ്ങള്‍ ഉണ്ട് എന്നത് കണ്ടെത്തണം. പ്രാദേശികമായി കടകളില്‍ ഭക്ഷ്യസാധനങ്ങള്‍ ഉണ്ടെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചുനല്‍കുന്നതിനും മാനസിക പ്രയാസം ഒഴിവാക്കാന്‍ കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് ഇടപെടുന്നതിനും എംഎല്‍എമാര്‍ നേതൃത്വം വഹിക്കണം.  

ഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സുരക്ഷയടക്കുമുള്ള സഹായം ഉറപ്പുവരുത്തുന്നതിന് എംഎല്‍എമാരുടെ മുന്‍കൈ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.പ്രാദേശികമായി ഐസോലേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തണം.  

സ്വയം നിയന്ത്രണത്തെക്കുറിച്ച് എന്തിനാണ് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ഇതൊരു മഹാമാരിയാണ്. ഈ മഹാമാരിയെ മറികടക്കാന്‍ വേണ്ടി പരിശ്രമിക്കുന്നവരെ ഒരു നിമിഷമെങ്കിലും ഓര്‍ക്കണം. ഐസലേഷന്‍ വാര്‍ഡുകളില്‍ പ്രത്യേക വസ്ത്രം ധരിച്ച് രോഗികളേയും നിരീക്ഷണത്തിലുള്ളവരേയും പരിചരിക്കുന്ന നമ്മുടെ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘം ഉണ്ട്. അവരെയാണ് നാം കൃതജ്ഞതയോടെ ഓര്‍ക്കേണ്ടത്. ആശുപത്രികളിലെ പാരാമെഡിക്കല്‍ സ്റ്റാഫും, ക്ലീനിങ് സ്റ്റാഫും ഉള്‍പ്പെടുന്ന ജീവനക്കാര്‍, വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ആശാവര്‍ക്കര്‍മാരും. അങ്ങനെ ആരോഗ്യ മേഖല ഒന്നാകെ കോവിഡിനെ പ്രതിരോധിക്കാനായി അണിനിരന്നിട്ടുണ്ട്. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം കുടുംബത്തെ മാറ്റിനിര്‍ത്തി മറ്റുള്ളവര്‍ക്കായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരെ ഒരുനിമിഷം നാം ഓര്‍മിച്ചാല്‍ മതി. അര്‍പ്പണബോധത്തോടെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളാണ് ഈ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം. നാം കാണിക്കുന്ന ചെറിയ ഒരു അശ്രദ്ധപോലും അവര്‍ക്ക് ഏല്‍ക്കുന്ന വലിയ ആഘാതമായി മാറും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വലിയ മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. വീടുകളില്‍ ഉള്‍പ്പെടെ എത്തുന്നവര്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണം. ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുഗമമായ മാധ്യമപ്രവര്‍ത്തനത്തിന് എല്ലാവിധ സൗകര്യങ്ങളും നല്‍കും. ന്യൂസ്പ്രിന്‍റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൊണ്ടുവരുന്നതിന് അതിര്‍ത്തിയില്‍ തടസ്സമുണ്ടെങ്കില്‍ നീക്കാന്‍ ശ്രമം നടത്തും. ഇവിടെ തടസ്സമുണ്ടാകില്ല.

ഇന്നത്തെ യോഗ തീരുമാനങ്ങള്‍ 

1. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, നിംസ്, ഐസര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശോധനാ സംവിധാനം സര്‍ക്കാരിന് ഉപയോഗിക്കാം.

2. തൊഴിലുറപ്പ് ജോലിക്കാരുടെ ജോലി ക്രമീകരിക്കും.

3. വീടില്ലാതെ തെരുവോരത്ത് കഴിയുന്നവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അവരുടെ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും.

4. പച്ചക്കറികള്‍ കൊണ്ടുവരുന്നത് അതിരാവിലെയാണ്. രാവിലെ തന്നെ അത് റീട്ടെയില്‍ കടകളില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കും.

5. പ്രാഥമിക, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലെ  ഡോക്ടര്‍മാര്‍ക്ക് യാത്രാസൗകര്യം - സ്വന്തമായി വാഹനമില്ലാത്തവരെ വീട്ടിലെത്തിക്കാന്‍ സൗകര്യം.

6. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ കട നടത്തുന്നവര്‍ക്ക് വാടക അടയ്ക്കുന്നതില്‍ രണ്ടുമാസത്തെ സാവകാശം.

7. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകില്ല.  

8. ഭക്ഷണത്തിന് റസ്റ്റോറന്‍റുകളെ ആശ്രയിക്കുന്നവര്‍ പല നഗരങ്ങളിലുമുണ്ട്. അവര്‍ പട്ടിണിയാവരുത്. അക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

9. വാര്‍ഷിക പദ്ധതിക്ക് മിനിമം ക്വാറത്തില്‍ ഡിപിസി ചേര്‍ന്ന് മാര്‍ച്ച് 31-നുമുമ്പ് അംഗീകാരം നല്‍കും. പിന്നീട് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം.

സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് പ്രത്യേക ആശുപത്രികള്‍ സജ്ജീകരിക്കുകയാണ്. മറ്റു രോഗങ്ങളുള്ളവരെ അതിനായുള്ള പ്രത്യേക ആശുപത്രികളിലേക്ക് മാറ്റും. മെറ്റേണിറ്റി ആശുപത്രി പോലുള്ളവ നിലനിര്‍ത്തിക്കൊണ്ടുതന്നെ കോവിഡ്-19 ചികിത്സയ്ക്ക് അടിയന്തര പ്രാധാന്യത്തോടെ വിപുലമായ സംവിധാനമാണ് ഉണ്ടാക്കുക.

ആശുപത്രിയില്‍ കഴിയുന്ന ആളുകള്‍ക്ക് ബൈ സ്റ്റാന്‍റര്‍മാര്‍ ഇല്ലാത്ത അവസ്ഥ വന്നേക്കാം. അങ്ങനെ വരുമ്പോള്‍ ബൈ സ്റ്റാന്‍റര്‍മാരായി സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പലരും നാട്ടിലേക്ക് വരാനുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും.