ഞീഴൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ പൂർത്തീകരിച്ചു

post

കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷം പണി പൂർത്തീകരിച്ച വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ബഡ് സ്കൂൾ സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത് ആഗോളതലത്തിൽ മാതൃക സൃഷ്ടിച്ച് വികസിത രാജ്യങ്ങൾക്ക് ഒപ്പം കേരളം എത്തിയതായി മന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടു വരുമ്പോഴാണ് ഒരു സംസ്ഥാനത്തെ വികസനം അർത്ഥപൂർണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ആദ്യം തന്നെ പ്രതിരോധം തീർത്തു കൊണ്ട് മുന്നോട്ട് വരുന്നത്. പകർച്ചവ്യാധികളെയും മഴക്കാല രോഗങ്ങളെയും വെള്ളപ്പൊക്കത്തെയും നേരിടുന്നതിന് തദ്ദേശസ്ഥാപനങ്ങളോട് എല്ലാ മേഖലയിലും ജാഗ്രതയോടുകൂടിയുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപിയും വനിത ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലയും പി.എച്ച്.സി സബ് സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിലും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.