കുടിവെള്ളക്ഷാമത്തിന് പരിഹാരം; കൈനകരിയില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു

post

കുടിവെള്ളക്ഷാമത്തിന് പരിഹാരം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആറുപങ്ക് കിഴക്ക് നിവാസികള്‍ക്ക് ആശ്വാസമേകുന്നതാണ് ഈ പദ്ധതി. അംബേദ്കര്‍ ജെട്ടിക്ക് സമീപം ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് വാട്ടര്‍ കിയോക് ഉദ്ഘാടനം ചെയ്തു.

ജനകീയാസൂത്രണം 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഭരണ സമിതി 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചത്. വെള്ളത്തിലെ ഉപ്പു രസം ഉള്‍പ്പെടെ നീക്കം ചെയ്ത് ശുദ്ധീകരിച്ച വെള്ളം ജനങ്ങള്‍ക്ക് ഇതിലൂടെ നല്‍കാന്‍ കഴിയും. തൃശൂര്‍ ആസ്ഥാനമായ വാട്ടര്‍ വേള്‍ഡ് സൊല്യൂഷന്‍സാണ് നിര്‍വഹണ ഏജന്‍സി. സ്മിത്ത് ഭവനത്തില്‍ കോമളദാസ് ഇലഞ്ഞിപ്പറമ്പ് എന്ന വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കിയോസ്‌ക് സ്ഥാപിച്ചത്.