കുരുന്നുകൾക്ക് വർണക്കൂടാരം തുറന്ന് ഉണ്ണാമറ്റം എൽ.പി സ്കൂൾ

കോട്ടയം ജില്ലയിലെ വാകത്താനം ഉണ്ണാമറ്റം എൽ.പി സ്കൂളിൽ സമഗ്രശിക്ഷ കേരള സ്റ്റാഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തരനിലവാരത്തിൽ വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂൾ നിർമിച്ചു. വികസിതരാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള പ്രീപ്രൈമറി സ്കൂൾ സൗകര്യങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും ആയിക്കൊണ്ടിരിക്കുകയാണെന്നു സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവൻ.
എല്ലാം കണ്ടുപഠിക്കാനും കേട്ടറിയാനുമുളള പശ്ചാത്തല സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഒന്നും രണ്ടും പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ഒരുക്കിയ അടിസ്ഥാനസൗകര്യപദ്ധതി വികസനത്തിന്റെ വിജയമാണിപ്പോൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിലന്വേഷകരായയല്ല തൊഴിൽദായകരായി തലമുറയെ വാർത്തെടുക്കുന്നതിനുവേണ്ടി അടുത്ത 25 വർഷക്കാലത്തേക്കുള്ള സമഗ്ര വിദ്യാഭ്യാസപരിഷ്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി അധ്യക്ഷത വഹിച്ചു.
സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്കൂൾ കെട്ടിടം നവീകരിച്ചത്. മാതൃക പ്രീ പ്രൈമറി സ്കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂളിന്റെ ചുവരുകളും മറ്റും ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി. കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ അടങ്ങിയ ആക്റ്റിവിറ്റി ഏരിയയും ഒരുക്കിയിട്ടുണ്ട്.