ബ്രേക്ക് ദ ചെയിന്‍ : എല്ലാ വീട്ടിലും സൗജന്യ മാസ്കുമായി തകഴി പഞ്ചായത്ത്

ആലപ്പുഴ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകളുടെ ലഭ്യതക്കുറവ് അനുഭവപ്പെട്ടതോടെ സൗജന്യമായി മാസ്കുകള്‍ വിതരണം ചെയ്ത് തകഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ മാസ്ക് പദ്ധതിയുടെ വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമ ബിജു നിര്‍വഹിച്ചു. സര്‍ക്കാറിന്റെ സാനിറ്റേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് മാസ്കുകള്‍ നിര്‍മിച്ചത്. സി.ഡി.എസ്, എ.ഡി.എസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ കുടുംബശ്രീ യൂണിറ്റാണ് മാസ്കുകള്‍ തയ്ച്ചു വിതരണ സജ്ജമാക്കിയത്. ഓരോ വീടുകളിലെയും അംഗങ്ങളുടെ എണ്ണമനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി മാസ്കുകള്‍ വിതരണം ചെയ്യും. പഞ്ചായത്തിന്റെ മറ്റു വാര്‍ഡുകളിലും ഇതേ രീതിയില്‍ മാസ്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ പദ്ധതിയുണ്ട്.