'നെറ്റ് സീറോ എമിഷൻ' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

post

പരിസ്ഥിതിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് 'നെറ്റ് സീറോ എമിഷൻ' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കോട്ടയം അയ്മനത്തെ പി.ജെ.എം. അപ്പർ പ്രൈമറി സ്‌കൂൾ അങ്കണത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലൂടെ മലയാളിക്കു സുപരിചിതമായ മാംഗോസ്റ്റിൻ മരം നട്ട് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹരിതം സഹകരണം പദ്ധതിയുടെ തുടർച്ചയായാണ് 'നെറ്റ് സീറോ എമിഷൻ' പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി കേരള സർക്കാരിൻറെ ഹരിത കേരള ദൗത്യവുമായി കൈകോർത്തുകൊണ്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതം സഹകരണം. "തീം ട്രീ ഓഫ് കേരള" എന്ന പേരിൽ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം ഫലവൃക്ഷതൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതി നിലവിൽ സഹകരണ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്.

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതടക്കം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സഹകരണ മേഖല സജീവമായ ഇടപെടലാണ് നടത്തുന്നത്. രാജ്യത്തെ സഹകരണ മേഖലയിൽ വിപുലമായി സംഘടിപ്പിക്കപ്പെടുന്ന ആദ്യ പരിസ്ഥിതി സംരക്ഷണ ഇടപെടലെന്ന നിലയിൽ നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണരംഗത്തെ കേരള മോഡലാകുമെന്ന് മന്ത്രി പറഞ്ഞു. സൗരോർജ്ജ ഉപയോഗം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സഹകരണ മേഖല സ്വീകരിച്ചിട്ടുണ്ട്.