പുന്നത്തുറ പഴയപള്ളി-തിരുവമ്പാടി റോഡ് ഉദ്ഘാടനം ചെയ്തു

post

അയർക്കുന്നം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ പുന്നത്തുറ പഴയപള്ളി-തിരുവമ്പാടി റോഡിലെ യാത്രാ ദുരിതത്തിന് അറുതി. കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡ് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.

മഴക്കാലത്ത് മണ്ണ് കുഴഞ്ഞ് ചെളി നിറയുന്നതിനാൽ ഇതുവഴിയുള്ള യാത്ര പ്രദേശവാസികൾക്ക് ദുരിതമായിരുന്നു. ചെളി നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കൂടി കടന്നുപോകുമ്പോൾ കാൽനടയാത്രയും ദുഷ്‌കരമായിരുന്നു. കുറുപ്പുമടം - തിരുവമ്പാടി റോഡിൽ നിന്നും പുന്നത്തുറ പള്ളിയിലേക്കും കരിനാട്ടു കവലയിലേക്കും പോകാനുള്ള എളുപ്പ മാർഗ്ഗം കൂടിയാണ് റോഡ്. 195 മീറ്റർ നീളത്തിലും 3.5 മീറ്റർ വീതിയിലും 15 സെന്റിമീറ്റർ കനത്തിലുമാണ് കോൺക്രീറ്റ് ചെയ്തത്.