ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ നിറവിൽ കോട്ടയം കളക്ടറേറ്റ്

post

- പ്രഖ്യാപനം നടത്തി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ

- സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കളക്‌ട്രേറ്റ്

കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റായി കോട്ടയം. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനം നിർവഹിച്ചു. പൊതുജനങ്ങൾക്ക് മികവാർന്ന സേവനവും സൗകര്യങ്ങളും ഒരുക്കിയാണ് സേവനപ്രദാന ഗുണമേന്മയുടെ രാജ്യാന്തര നിലവാരസൂചകമായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയം സ്വന്തമാക്കിയത്. നവീകരിച്ച ഓഫീസ് റവന്യൂ മന്ത്രി നാടിനു സമർപ്പിച്ചു.

കളക്‌ട്രേറ്റിലെ ഓഫീസുകൾ എവിടെയൊക്കെയെന്ന് മൊബൈൽ ഫോണിലൂടെ വേഗത്തിൽ അറിയുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയാറാക്കിയ ഓഫീസ് ഫൈൻസർ ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലോഗോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പ്രകാശനം ചെയ്തു. ആധുനികനിലവാരത്തിൽ നവീകരിച്ച ഓഫീസുകളും റെക്കോഡ് റൂമും മന്ത്രിമാർ സന്ദർശിച്ചു. പൊതുജനങ്ങൾക്കായി ഫ്രണ്ട് ഓഫീസ് സംവിധാനം, ഇരിപ്പിടങ്ങൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

സമയ ബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, റെക്കോർഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചത്.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ പൊടിപാറ, തുടങ്ങിയവർ പങ്കെടുത്തു.