ആർപ്പൂക്കര, കുമരകം പഞ്ചായത്തുകൾക്ക് ഊർജ്ജമാകാൻ പുതിയ റോഡുകൾ

post

കൈപ്പുഴമുട്ട് കായൽച്ചിറ, മങ്കുഴി പുങ്കശ്ശേരി റോഡുകളുടെ നവീകരണം പൂർത്തിയായി

ആർപ്പൂക്കര പഞ്ചായത്തിലെ കൈപ്പുഴമുട്ട് കായൽച്ചിറ, കുമരകം പഞ്ചായത്തിലെ മങ്കുഴി പുങ്കശ്ശേരി എന്നീ റോഡുകളുടെ നവീകരണം പൂർത്തിയായി. മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് യാഥാർഥ്യമായത്. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ - തീരദേശ പഞ്ചായത്ത്, ഉൾനാടൻ ജലഗതാഗത പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണവും പുനരുദ്ധാരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്.

റോഡിന്റെ നവീകരണം പ്രദേശത്തെ മത്സ്യബന്ധന കാർഷിക, ടൂറിസം മേഖലകൾക്കു ഗുണകരമാവും. കോട്ടയം - ചേർത്തല റോഡിലെ കൈപ്പുഴമുട്ടിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ നിർമ്മാണത്തിന് 70 ലക്ഷം രൂപയാണ് അനുവദിച്ചത്. 2001 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിൽ ടാറ് ചെയ്ത് നവീകരിച്ചിരിക്കുന്നത്. കുമരകം മങ്കുഴി പുങ്കശ്ശേരിറോഡ് ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് വിഭാവനം ചെയ്തതിൽ നിന്ന് കൂടുതൽ മാറ്റം വരുത്തിയാണ് പൂർത്തീകരിച്ചത്. 540 മീറ്റർ നീളത്തിൽ തോടിന് സംരക്ഷണഭിത്തിയും കലുങ്കും കൂടി ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. മങ്കുഴി പുങ്കശ്ശേരി പ്രദേശത്തെ ഉൾനാടൻ മത്സ്യബന്ധന കാർഷിക മേഖലകളുടെ വികസനത്തിന് ഏറെ പ്രയോജനകരമാകുന്നതാണ് പദ്ധതി. എഴുപത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.