തൊഴിലുറപ്പിലൂടെ കോട്ടയത്ത് 43.19 ലക്ഷം തൊഴിൽ ദിനങ്ങൾ, വേതനമായി 133.84 കോടി രൂപ

post

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (202223) കോട്ടയം ജില്ലയ്ക്ക് 4319423 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി 103 ശതമാനം നേട്ടം കൈവരിച്ചു. സംസ്ഥാന മിഷനിൽ നിന്നും 4179155 തൊഴിൽ ദിനങ്ങളായിരുന്നു ഭൗതീക ലക്ഷ്യമായി അനുവദിച്ചത്. 65.17 ശരാശരി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 21072 കുടുംബങ്ങൾ 100 ദിവസം പൂർത്തീകരിച്ചു. ആകെ 66276 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ തൊഴിൽ നൽകാൻ സാധിച്ചു. വേതനമായി 133.84 കോടി രൂപയും മെറ്റീരിയൽ ഫണ്ട് ഇനത്തിൽ 39.95 കോടി രൂപയും ചെലവഴിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സുഭിക്ഷകേരളം, ശുചിത്വകേരളം പദ്ധതിയിൽ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്.

ഇതിന്റെ ഭാഗമായി ജില്ലയിൽ കാലിത്തൊഴുത്ത്-536, ആട്ടിൻകൂട്-621, കോഴിക്കൂട്-744, ഫാംപോണ്ട്-249, അസോള ടാങ്ക്-193, കിണർ റീ-ചാർജ്ജിംഗ്-233, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്കുള്ള വർക്ക് ഷെഡ്-17, ഗ്രാമീണ ചന്തകൾ-7 എന്നിവയുടെ നിർമ്മാണവും, 83.58 ഏക്കറിൽ തീറ്റപ്പുൽകൃഷിയും ഇക്കാലയളവിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് പിറ്റ് -837, സോക് പിറ്റ് - 1363 എന്നിവയുടെ നിർമാണവും നടപ്പാക്കിയിട്ടുണ്ട്.

സമയബന്ധിതമായി വേതനം നൽകുന്നതിൽ മികച്ച നേട്ടം (98.98%) കൈവരിച്ച് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്. മാടപ്പള്ളി ബ്ലോക്കാണ് ജില്ലയിൽ ഏറ്റവും മുന്നിൽ. സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പരിസ്ഥിതിദിനത്തിൽ നടുന്നതിന് 1,00,000 തൈകൾ ഉല്പാദിപ്പിക്കുന്നതിനുള്ള നഴ്സറികളുടെ പ്രവർത്തനങ്ങൾ ജില്ലയിലെ 57 ഗ്രാമപഞ്ചായത്തുകളിൽ പുരോഗതിയിലാണ്.

കോട്ടയം ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും സമഗ്ര നീർത്തട പദ്ധതി തയ്യാറാക്കി പരിപാലന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച 80 കുളങ്ങളുടെ ഉദ്ഘാടനം നടത്തുകയുണ്ടായി മറ്റ് 80 കുളങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു നീർച്ചാൽ വീതം കണ്ടെത്തി പുനരുജ്ജീവനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 25 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മിഷന്റെ പുരോഗതി വിലയിരുത്തലിൽ 2023 മാർച്ച് 31 ലെ വാർഷിക റാങ്കിംഗിൽ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകളുടെ ജില്ലയിൽ നിന്നുള്ള വിലയിരുത്തലിൽ ഉഴവൂർ ബ്ലോക്ക് ജില്ലയിൽ ഒന്നാം സ്ഥാനത്താണ്. പാമ്പാടി ബ്ലോക്ക് രണ്ടാം സ്ഥാനത്തും, വൈക്കം ബ്ലോക്ക് മൂന്നാം സ്ഥാനത്തുമാണ്. ജില്ലാതലത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, പ്രോജക്ട് ഡയറക്ടറും ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.എസ് ഷിനോ തുടങ്ങിയവരുടെ നേതൃത്വവും ഉദ്യോഗസ്ഥരുടെ പരിശ്രമവും കൃത്യമായ അവലോകനങ്ങളും കൊണ്ടാണ് ജില്ലയ്ക്ക് ഈ നേട്ടം കരസ്ഥമാക്കുവാൻ സാധിച്ചത്.