മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി :ആദ്യ ഘട്ടം നടപ്പാക്കാന്‍ 354.51 കോടി

തിരുവനന്തപുരം : പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്ന 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' പുതുവത്സരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനായി 354.51 കോടി രൂപ വിനിയോഗിക്കുന്നതിനു ഭരണാനുമതി ലഭിച്ചു.വന്‍കിട ഹൈവേകള്‍ മാത്രം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന റോഡ് വികസനമല്ല, മറിച്ച് അതോടൊപ്പം ഗ്രാമങ്ങളിലെ ഗതാഗത സൗകര്യവും കൂടെ മികവുറ്റതാക്കുന്ന നയത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' ആവിഷ്‌കരിച്ചത്.961.264 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഈ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. 2,011 റോഡുകളുടെ പൂര്‍ത്തീകരണത്തിനായാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക ചിലവഴിക്കുക.
കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും നിശ്ചയിച്ചുറപ്പിച്ച വികസന സാമൂഹ്യ ക്ഷേമ പരിപാടികളില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ട് പോവുകയാണ് കേരള സര്‍ക്കാര്‍. സാമ്പത്തിക രംഗത്ത് ഉത്തേജനം നല്‍കുവാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും കഴിയും എന്ന തിരിച്ചറിവിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം.