ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുത്ത് കേരളം; ക്യാമ്പയിന്റെ ഭാഗമായി മാധ്യമങ്ങളും സിനിമാതാരങ്ങളും

post

തിരുവനന്തപുരം: ലോക വ്യാപകമായി കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യവുമായി സാമൂഹ്യ സുരക്ഷാ വകുപ്പ് തുടക്കംകുറിച്ച ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് കേരളത്തില്‍ വന്‍ സ്വീകാര്യത. വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. 

ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചറാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം മന്ത്രിമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ക്യാമ്പയിന്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമാതാരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരാണ് ക്യാമ്പയിന്റെ ഭാഗമായത്. മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ, വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍, എന്‍.എസ്.എസ്., സര്‍വീസ് സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവരെല്ലാം ക്യാമ്പയിന്‍ ഏറ്റെടുത്തിട്ടുണ്ട്.

ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് കിയോസ്‌കുകള്‍ സ്ഥാപിച്ച് വരികയാണ്. സെക്രട്ടേറിയറ്റിലും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ക്യാമ്പയിന് ലഭിക്കുന്നത്.