ശുചിത്വ പരിപാലനവുമായി ശബരിമല വിശുദ്ധിസേന

ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ
വിശുദ്ധി സേനയ്ക്ക് നേതൃത്വം നൽകുന്നത് ശബരിമല സാനിറ്റേഷൻ സൊസൈറ്റി
ദിവസവും ഒരു ലക്ഷത്തോളം തീർഥാടകരെത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിൽ ചുക്കാൻ പിടിച്ച് ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി 1000 വിശുദ്ധി സേനാംഗങ്ങളാണ് രാപകൽ ഭേദമന്യേ ശുചീകരണ ജോലികളിലേർപ്പെട്ടിരിക്കുന്നത്.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ചെയർപേഴ്സണും അടൂർ ആർഡിഒ എ. തുളസീധരൻ പിള്ള മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നൽകുന്നത്. 1995ലാണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റി രൂപീകരിച്ചത്.
ശബരിമല സാനിറ്റേഷൻ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. സേനാംഗങ്ങൾക്ക് 450 രൂപ ദിവസ വേതനത്തിന് പുറമേ യൂണിഫോം, ചെരുപ്പ്, പുൽപ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവയും നൽകുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഫണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നുള്ള ഗ്രാന്റും ഉപയോഗിച്ചാണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രവർത്തനം. ശബരിമല തീർഥാടനത്തിനു പുറമേ മേടവിഷു ഉത്സവം, തിരുവുത്സവം കാലയളവുകളിലും വിശുദ്ധി സേന ശുചീകരണം നടത്തുന്നുണ്ട്.
സന്നിധാനത്ത് 300ഉം പമ്പയിൽ 300ഉം നിലയ്ക്കൽ 350ഉം പന്തളത്തും കുളനടയിലുമായി 50 പേരും ഉൾപ്പെടെ 1000 വിശുദ്ധി സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരോ ഷിഫ്റ്റിലും 305 പേർ വീതം മൂന്നു ഷിഫ്റ്റുകളിലായാണ് ശുചിത്വ പരിപാലനത്തിന് നിയോഗിച്ചിട്ടുള്ളത്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ വിവിധ സെക്ടറുകളായി തിരിച്ച് ചെറുസംഘങ്ങളായാണ് ശുചീകരണം. ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളിൽ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്കരിക്കൽ എന്നിവ നടത്തുന്നത്.
കാനനപാതയിലേത് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ട്രാക്ടർ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ച് ഇൻസിനറേറ്റർ ഉപയോഗിച്ചാണ് സംസ്കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളിൽ നിന്നുള്ള സൂപ്പർവൈസർമാരെയും ഓരോ സെക്ടറുകളിലും നിയോഗിച്ചിട്ടുണ്ട്. അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേട്ടുമാരും എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരുമാണ് താഴെത്തട്ടിൽ വിശുദ്ധിസേനയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പോലീസ് സേനയുടെ നേതൃത്വത്തിൽ സന്നിധാനത്ത് നടക്കുന്ന പുണ്യം പൂങ്കാവനം ശുചീകരണത്തിലും ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പവിത്രം ശബരിമല ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങൾ ദിവസവും പങ്കാളികളാകുന്നുണ്ട്.
പൂങ്കാവനത്തെ പരിശുദ്ധമായി സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാ നദി മാലിന്യ മുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മിഷൻഗ്രീൻ ശബരിമല എന്ന പേരിൽ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ്, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, നവകേരള മിഷൻ, അയ്യപ്പസേവാസംഘം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബോധവത്ക്കരണവും നടത്തി വരുന്നു.