കലോത്സവ നഗരിയെ മാലിന്യ മുക്തമാക്കി ഗ്രീന്‍ വളണ്ടിയേഴ്സ്

post

വയനാട്: സ്‌ക്കൂള്‍ കലോത്സവ നഗരിയെ മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഗ്രീന്‍ വളണ്ടിയേഴ്സ് കുട്ടിക്കൂട്ടങ്ങള്‍. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി കണിയാരം ജി.കെ.എം സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളും, അധ്യാപകരും, പി ടി എ ഭാരവാഹികളുമാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒന്നാം വേദിയായ വല്ലിയുടെ മുഖ്യ ആകര്‍ഷണം സമീപത്തുള്ള ഹരിത പെരുമാറ്റ ചട്ട ഓഫീസാണ്.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുള്ള ഓഫീസ് തെങ്ങോലയും മുളയും കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. തുണിചാക്കുകളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച ബോര്‍ഡുകള്‍ ഓഫീസിന്റെ പ്രധാന സവിശേഷതയാണ്. മാലിന്യങ്ങള്‍ പൂര്‍ണ്ണമായും എല്ലാ മേഖലകളിലും ഒഴിവാക്കാന്‍ വേണ്ടി പ്രോഗ്രാം കമ്മിറ്റിയും ഭക്ഷണ കമ്മിറ്റിയും ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിക്കൊപ്പമുണ്ട്. പ്രോഗ്രാം കമ്മിറ്റി വിതരണം ചെയ്ത ബാഡ്ജുകള്‍ പൂര്‍ണ്ണമായും പേപ്പറില്‍ നിര്‍മ്മിച്ചതാണ്. ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ ഗ്ലാസും പാത്രവുമാണ് ഉപയോഗിക്കുന്നത്.