തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ തൃത്താലയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

post

ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ തൃത്താല ചാലിശേരിയിൽ നടക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പത്ര സമ്മേളനത്തിൽ അറിയിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ അനുബന്ധ പരിപാടികൾക്ക് തുടക്കമായി. പ്രദർശനം നാളെ ആരംഭിക്കും. ആഘോഷത്തിനപ്പുറം, ഗൗരവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും തദ്ദേശ ദിനാഘോഷം വേദിയാകും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.


ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ. കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എംപി, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും, പുതിയ ക്രൂസ് ഉൽപ്പന്നങ്ങൾ പുറത്തിറക്കൽ ചടങ്ങും നടക്കും. നാല് സെഷനുകളാണ് പ്രധാനമായും ആദ്യദിനം നടക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പുവരുത്തൽ, അതിദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ നിർവഹണവും മോണിറ്ററിംഗും, പ്രാദേശിക സാമ്പത്തിക വികസന- തൊഴിലാസൂത്രണവും സംരംഭങ്ങളും, ശുചിത്വകേരളം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കടമകൾ എന്നീ വിഷയങ്ങൾ ആദ്യദിവസം ചർച്ച ചെയ്യും. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കലിലെ സെഷൻ റവന്യൂ-ഭവന നിർമ്മാണം വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പതാക ഉയർത്തുന്നതോടെ ആരംഭിക്കും. പ്രതിനിധി സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. തനത് വിഭവ സമാഹരണം- നിലവിലെ സ്ഥിതിയും സാധ്യതകളും എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം. സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്‌കാര വിതരണത്തോടെ ദിനാഘോഷത്തിന് സമാപനമാകും.


ശുചിത്വവും അതിദാരിദ്ര നിർമാർജനവും പ്രധാന ലക്ഷ്യങ്ങളാക്കിയുള്ള പ്രവർത്തനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്നത്. മികവോടെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് നടപ്പിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓരോ ഓഫീസിലെയും പ്രവർത്തനത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയാനും ഇതിന്റെ ഭാഗമായി സംവിധാനമൊരുക്കും. പൊതുവായ പരാതികൾ പരിഹരിക്കാൻ ഉപജില്ലാ-ജില്ലാ തലങ്ങളിൽ സ്ഥിരം അദാലത്ത് സംവിധാനവും ഏർപ്പെടുത്തും. സേവനാവകാശങ്ങൾ പരാതിരഹിതമായും വേഗത്തിലും ലഭ്യമാക്കാനുള്ള ഓൺലൈൻ സംവിധാനം നഗരസഭകളിലേക്ക് കൂടി വ്യാപിപ്പിക്കും. കെ സ്മാർട്ട് പൈലറ്റ് പദ്ധതി ഉദ്ഘാടനം സർക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. ഈ നൂറു ദിവസം കൊണ്ടുതന്നെ എല്ലാ നഗരസഭകളിലേക്കും കെ സ്മാർട്ട് വ്യാപിപ്പിക്കും. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും, 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. അഴിമതി പരമാവധി ഇല്ലാതാക്കാനും സേവനങ്ങൾ സുതാര്യമാക്കിയുള്ള ഈ നടപടികളിലൂടെ സാധ്യമാകും. ഓൺലൈൻ സേവനത്തിന് സഹായമൊരുക്കാൻ എല്ലാ പഞ്ചായത്തിലും ഫെസിലിറ്റേഷൻ സെൻററുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിളാ മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, ഡയറക്ടർ റൂറൽ എച്ച് ദിനേശൻ പങ്കെടുത്തു.