കായംകുളം സി.ബി.എല്‍. മത്സരം: നടുഭാഗം ചുണ്ടന്‍ ജേതാവ്

ആലപ്പുഴ: കായംകുളം കായലില്‍ നടന്ന സി.ബി.എല്‍. മത്സരത്തില്‍ എന്‍.സി.ഡി.സി. ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാവായി. രണ്ടാം സ്ഥാനം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ ചുണ്ടനും മൂന്നാം സ്ഥാനം പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും കരസ്ഥമാക്കി. ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
സി.ബി.എല്‍. മത്സരം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഓളപരപ്പിലെ ആവേശം ഓരോ നിമിഷവും കരയിലേക്ക് പകരുന്നതാണ് വള്ളംകളി. ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണില്‍ സംഘടിപ്പിച്ച വള്ളംകളി ജനങ്ങളില്‍ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.