കനിവ് 108 ആംബുലൻസ് സംസ്ഥാനതല ബോധവത്കരണ കാമ്പയിനു തുടക്കമായി

സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആബുലൻസ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം 316 ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളാണ് വിന്യസിച്ചിരിക്കുന്നത്. ഈ സേവനം കൂടുതൽ ജനങ്ങൾക്ക് പ്രയോജനകരമാകാനാണ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നത്.
കനിവ് 108 ആംബുലൻസ് സേവനങ്ങൾ, എങ്ങനെ ഉപയോഗപ്പെടുത്താം, ആംബുലൻസിലുള്ള സംവിധാനങ്ങൾ എന്നിവ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രചരിപ്പിക്കും. ബോധവത്കരണ പോസ്റ്ററുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ എന്നിവ സ്ഥാപിക്കും. കൂടാതെ പൊതുയിടങ്ങളിലും സ്കൂൾ, കോളേജ് തലങ്ങളിലും ഇതിനായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഇതിന് പുറമെ സിനിമ തിയറ്ററുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രാധാന്യം പ്രചരിപ്പിക്കും.