അയ്യങ്കാളി സ്മാരക സ്‌പോര്‍ട്‌സ് എം.ആര്‍.എസ് സെലക്ഷന്‍ ട്രയല്‍ 13 മുതല്‍

post

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌പോര്‍ട്‌സ് സ്‌കൂളിലെ അഞ്ച്, 11  ക്ലാസ്സുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ ജനുവരി 13  മുതല്‍ വിവിധ ജില്ലകളില്‍ രാവിലെ 9.30 ന്  നടക്കും. കായികപ്രതിഭകളായ പട്ടികജാതിപട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.

        ചെറുപ്രായത്തില്‍ തന്നെ ഈ വിഭാഗങ്ങളിലെ കായികപ്രതിഭകളെ കണ്ടെത്തി മികച്ച കായിക പരിശീലനവും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും നല്‍കി ദേശീയ നിലവാരത്തിലുള്ള താരങ്ങളാക്കി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട്  പട്ടികജാതി വികസന വകുപ്പിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. അഞ്ചാം ക്ലാസ്സിലേക്കും 11 ാം ക്‌ളാസ്സിലേക്കും (ഹ്യൂമാനിറ്റീസ്) പരമാവധി 30 കുട്ടികളെ വീതവും ഏഴാം ക്‌ളാസില്‍ 10  കുട്ടികളെയും തെരഞ്ഞെടുക്കാനാണ് 14  ജില്ലകളിലും സെലക്ഷന്‍  ട്രയല്‍ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സ്‌കൂളിനൊപ്പമുള്ള ഹോസ്റ്റലുകളില്‍ താമസിക്കാം. പ്ലസ് ടു  വരെ പഠന സൗകര്യമുണ്ട്. മുഴുവന്‍ ചെലവും പട്ടികജാതി വികസന വകുപ്പ് വഹിക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍,  ജൂഡോ,ജിംനാസ്റ്റിക് തുടങ്ങിയ ഇനങ്ങളിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്.

          നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവയുമായി നിശ്ചിത സമയത്ത്  സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

         അഞ്ചാം ക്ലാസ്സിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  ഏഴ്, 11  ക്ലാസുകളിലേക്ക് സബ് ജില്ല/ജില്ല/ സംസ്ഥാന തല മത്സരത്തില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റുകളുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജില്ല/സംസ്ഥാന തലങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാന ത്തിലുമായിരിക്കും പ്രവേശനം.   വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും.

ഓരോ ജില്ലയിലും സെലക്ഷന്‍ ട്രയല്‍ നടക്കുന്ന തീയതി,  സ്ഥലം എന്നിവ യഥാക്രമം.

കാസര്‍കോട്: ജനുവരി 13, ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി  സ്‌കൂള്‍, കണ്ണൂര്‍: ജനുവരി 14, കണ്ണൂര്‍ പോലീസ് ഗ്രൗണ്ട്, വയനാട്: ജനുവരി 15, സുല്‍ത്താന്‍ ബത്തേരി സെന്റ്  മേരീസ് കോളേജ് ഗ്രൗണ്ട്, കോഴിക്കോട്: ജനുവരി 16, കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, മലപ്പുറം: ജനുവരി 17, വണ്ടൂര്‍ വി എം സി എച്ച് എസ്  എസ്, പാലക്കാട്: ജനുവരി 21, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, തൃശൂര്‍: ജനുവരി 22, തൃശൂര്‍ സെന്റ്  തോമസ് തോപ്പ് സ്റ്റേഡിയം, എറണാകുളം: ജനുവരി 23, തേവര എസ് എച്ച് കോളേജ് ഗ്രൗണ്ട്, ആലപ്പുഴ: ജനുവരി 24, ആലപ്പുഴ എസ് ഡി വി എച്ച് എസ് എസ്, കോട്ടയം: ജനുവരി 27, നാഗമ്പടം നെഹ്‌റു സ്റ്റേഡിയം, ഇടുക്കി: ജനുവരി 28, ചെറുതോണി വാഴത്തോപ്പ് ഗവ. വി എച്ച് എസ് എസ്, പത്തനംതിട്ട: ജനുവരി 29, പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയം, കൊല്ലം: ജനുവരി 30: കൊല്ലം ലാല്‍ ബഹാദൂര്‍ സ്റ്റേഡിയം, തിരുവനന്തപുരം: ജനുവരി 31, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം.