ലഹരി മരുന്ന് ശൃംഖലയുടെ കണ്ണി മുറിക്കും: മന്ത്രി പി. രാജീവ്

കേരളത്തില്‍ ലഹരി മരുന്നുകളുടെ വ്യാപനം തടയുന്നതിന് ലഹരി മരുന്ന് ശൃംഖലയുടെ കണ്ണി മുറിക്കുന്ന ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പി. രാജീവ്. ഹൈക്കോടതി ജംങ്ഷനില്‍ മയക്കുമരുന്നിനെതിരായ മനുഷ്യച്ചങ്ങലയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അണിനിരന്ന കുട്ടിച്ചങ്ങലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ലഹരിക്കെതിരായ യുദ്ധം തുടരുകയാണ്. സമഗ്രമായ ഏകോപനത്തോടെ എല്ലാവരും രംഗത്തിറങ്ങിയാല്‍ മാത്രമേ ലഹരിയുടെ വിപത്തില്‍ നിന്നും നാടിനെയും ഭാവി തലമുറയെയും രക്ഷിക്കാനാകൂ. നിയമ നടപടികളിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. ലഹരിയുടെ വലയില്‍പ്പെട്ട് നിരവധി കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. ചെറിയ സംഘര്‍ഷങ്ങള്‍ പോലും കൊലപാതകത്തില്‍ കലാശിക്കുന്നു. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരി മരുന്നുകള്‍ പിടികൂടുന്നുണ്ട്. കേരളത്തില്‍ ലഹരിയുടെ വ്യാപനമുണ്ടാകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളുകളുടെ പരിസരത്തെ മയക്കുമരുന്ന് വില്‍പ്പനയുടെ പേരില്‍ പിടിക്കപ്പെടുന്ന കടകള്‍ പിന്നീട് ഒരിക്കലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കും. ഇത്തരത്തില്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടാല്‍ ഭാവി നശിക്കും എന്ന സന്ദേശമാണ് ഇതുവഴി നല്‍കുന്നത്. നിതാന്ത ജാഗ്രതയോടെ ലഹരിക്കെതിരായ യുദ്ധം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയര്‍ അഡ്വ. എം.അനില്‍ കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈബി ഈഡന് എം.പി. ലഹരി വിരുദ്ധ പ്രതിജ്ഞ സന്ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു.