രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്തായി ചിറയിന്‍കീഴ്

post

* ഭൗമസ്ഥലപര വിവരശേഖരണ റിപ്പോര്‍ട്ട് മന്ത്രി എ.സി.മൊയ്തീന്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം:  ഇന്ത്യയിലാദ്യമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവന്‍ പ്രദേശങ്ങളും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പഠനവിധേയമാക്കി  സമഗ്ര സ്ഥലപര ഭൗമ വിവരശേഖരണ റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രഥമ ബ്ലോക്ക് പഞ്ചായത്തായി ചിറയിന്‍കീഴ്. റിപ്പോര്‍ട്ടിന്റെ പ്രകാശനം പ്രസ് ക്ലബ്ബ് ടി.എന്‍.ജി.ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ഓരോ പ്രദേശത്തിന്റയും പ്രത്യേകതകളറിഞ്ഞ് ആസൂത്രണം നടത്തിയാലേ സമ്പൂര്‍ണ വികസനം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ഭാവി തലമുറയ്ക്ക് പഠിക്കാനുതകുന്നതാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന എല്ലാ ആറ് ഗ്രാമപഞ്ചായത്തുകളിലെ 103 വാര്‍ഡുകളിലെയും സമഗ്ര ഭൗമ വിവരങ്ങളാണ് ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടു കൂടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പഠനം നടത്തിയിരിക്കുന്നത്. കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെയും 723 സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പഠനം നടത്തിയിരിക്കുന്നത്. പ്രദേശത്തിലെ മണ്ണ്, ജലം, ജൈവസമ്പത്ത്, എന്നിവ സംബന്ധിച്ച് ശാസ്ത്രീയ വിവരശേഖരണ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ പ്രദേശത്തെയും ഭൂപ്രകൃതി, ചരിവ്, ശിലാഘടന, മണ്ണിന്റെ തരം, നീര്‍ത്തട പ്രദേശങ്ങള്‍ എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങളുണ്ട്. പൊതു സ്വകാര്യ ആസ്തി വിവരങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യസേവന കേന്ദ്രങ്ങള്‍, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, കൃഷി അനുബന്ധ മേഖലകള്‍, വ്യവസായ ഭരണപരമായ സ്ഥാപനങ്ങള്‍ എന്നിവ  സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കുടുംബങ്ങളുടെ വീടിന്റെ അവസ്ഥ, കുടിവെള്ള ലഭ്യത തുടങ്ങി സമഗ്രമായ വിവരങ്ങളാണ് പഠനം നടത്തിയിരിക്കുന്നത്.
ഇത് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട മുദാക്കല്‍, കിഴുവിലം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വക്കം, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന രേഖയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമം സന്തുഷ്ട ഗ്രാമ പദ്ധതിയുടെ ഭാഗമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടമായി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട 55000 ല്‍പരം കുടുംബങ്ങളുടെ സമഗ്ര സാമ്പത്തിക സാമൂഹിക അടിസ്ഥാന വിവരശേഖരണവും നടത്തുന്നു. കെ.എസ്.ആര്‍.ഇ.സിയുടെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഈ വിവരശേഖരണ പ്രവര്‍ത്തനങ്ങളഉടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു. ഗ്രാമം എന്ന പേരില്‍ രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിവരശേഖരണത്തിനായി ഉപയോഗിക്കും. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷകരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പഠനം നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഭൗമസ്ഥലപര വിവരശേഖരണ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാമുരളീധരന്‍ ഏറ്റുവാങ്ങി.  ഗ്രാമപഞ്ചായത്തുകളുടെ ഭൗമ സ്ഥലവിവരശേഖരണ റിപ്പോര്‍ട്ട് ഹരിതകേരള മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പ്രകാശനം ചെയ്തു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ഇ.സി. ഡയറക്ടര്‍ നിസാമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വി.എസ്. സന്തോഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്റ് ബി.രമാഭായി അമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.