ആരോഗ്യമേഖലയെ ശക്തിപ്പെടുത്തൽ; 27.26 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

post

ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള 27.26 കോടി രൂപയുടെ ഹെൽത്ത് ഗ്രാന്റ് കർമ്മ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. അഞ്ചു സ്‌കീമുകളിലായി ഗ്രാമ/ ബ്ലോക്ക്/നഗരസഭകൾക്ക് അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പദ്ധതികൾക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയത്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ പതിനഞ്ചാം ധനകാര്യ കമ്മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളാണിത്.

ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായമായി 2.78 കോടി രൂപയുടെയും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗ നിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 6.17 കോടി രൂപയുടെയും പദ്ധതികളാണുള്ളത്. ഗ്രാമപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഹെൽത്ത് ആൻഡ് വെൽനസ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് 3.34 കോടി രൂപയും നഗരപ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 55.84 ലക്ഷം രൂപയും അർബർ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങൾക്കായി 14.41 കോടി രൂപയും പദ്ധതികളിലൂടെ ചെലവഴിക്കും.

പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷർ, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർക്ക് ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു.