ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങി ചേലൂര്‍ പൂഞ്ച

post

ശാസ്താംകോട്ട ചേലൂര്‍ പുഞ്ച വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് ടൂറിസം വകുപ്പ്. ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മേഖലയുടെ സാധ്യകള്‍ പ്രയോജനപ്പെടുത്തുക. ശാസ്താംകോട്ട, കുന്നത്തൂര്‍ പഞ്ചായത്ത് പപരിധിയിലുള്ള പ്രദേശത്തിന്റെ പ്രകൃതിഭംഗി കൂടുതല്‍ ആസ്വാദ്യകരമാക്കാനാകും. മീന്‍പിടുത്ത സാധ്യതകളും ആകര്‍ഷണീയമാക്കാം. നാനൂറ് ഏക്കറിലധികംവരുന്ന പുഞ്ചയുടെ ജലസമൃദ്ധി കൂടി വിനിയോഗച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യം.

ഫ്ളോട്ടിങ് റെസ്റ്റോറന്റ്, കുട്ടവഞ്ചി, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ശൗചാലയ സമുച്ചയം, ഫൈബര്‍ ബോട്ടുകള്‍, വിപുലമായ ഇരിപ്പിടങ്ങള്‍ തുടങ്ങിയവ പദ്ധതിയിലുണ്ട്. ബണ്ട്‌റോഡ് ടൈല്‍പാകി മനോഹരമാക്കും. ഇരുവശങ്ങളിലും വിളക്കുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതിരേഖയ്ക്ക് ടൂറിസം വകുപ്പ് അംഗീകാരം നല്‍കി. ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ച് സാധ്യതാപഠനവും നടത്തി. സമഗ്ര പദ്ധതിരേഖ (ഡി.പി.ആര്‍.) സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത അറിയിച്ചു.